തിരുവനന്തപുരം: കൊവിഡ് ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ 31 വരെ നടക്കാനിരുന്ന ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു. അതേസമയം, ഇന്നത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടന്നു. തുടര്‍ന്നുള്ള പരീക്ഷകളുടെ നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചനകള്‍ തുടരുന്നു.
ഇന്ന് രാവിലെയാണ് ഐസിഎസ്ഇ പരീക്ഷ മാറ്റാനുള്ള തീരുമാനം എടുത്തത്. ഇന്നലെ രാത്രി, 31 വരെയുള്ള സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളുടെ കാര്യത്തില്‍ വൈകീട്ടോടെ അന്തിമ തീരുമാനം വരും.
മാര്‍ച്ച് 26 വരെയാണ് എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകള്‍. ഇത്തവണ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ ഒരുമിച്ച് നടത്തുന്നതിനാല്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ നല്ല തിരക്കുണ്ട്. ഈ സാഹചര്യം കൊണ്ടും കേന്ദ്ര തീരുമാനം വന്നതും കാരണം പരീക്ഷകള്‍ മാറ്റണമെന്നായിരുന്നു പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആവശ്യം.
കൊറോണ വൈറസില്‍ കനത്ത ജാഗ്രത സംസ്ഥാനത്ത് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പ് തിരിക്കിട്ട ചര്‍ച്ചകളിലാണ്. നാളെ മുതലുള്ള പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം അടക്കം പരിശോധിക്കുന്നുണ്ട്. വൈകീട്ടോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരും.