കൂത്താട്ടുകുളം: കനാലില്‍ ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ മുങ്ങിമരിച്ചു. പാലക്കുഴ മാറിക അരിശ്ശേരികര പരേതനായ മാധവന്റെ ഭാര്യ സുജ (40)യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് അപകടമുണ്ടായത്. കാല് വഴുതി കനാലില്‍ വീണ മകള്‍ ശ്രീതുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുജ അപകടത്തില്‍പ്പെട്ടത്.
മാറികയിലെ പണ്ടപ്പിള്ളിക്ക് അടുത്തുള്ള കനാലില്‍ വീണാണ് സുജ മരിച്ചത്. മാറിക പ്രദേശത്തുള്ളവര്‍ അലക്കുന്നതിനും കുളിക്കുന്നതിനുമായി പണ്ടപ്പിള്ളിയിലെ കനാല്‍ ഭാഗത്ത് എത്തുന്നത് പതിവാണ്. കനാലില്‍ അടിയൊഴുക്ക് കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു. കാനാലില്‍ കുളിക്കാനായി സുജയും ശ്രീതുവും ഇരുചക്ര വാഹനത്തിലാണ് എത്തിയത്.
കനാലിലേക്ക് ഇറങ്ങുന്ന ചവിട്ടുപടിയില്‍ നിന്ന ശ്രീതു കാല് വഴുതി കനാലിലേക്ക് വീഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട മകളെ കൈകളില്‍ പിടിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് സുജ കനാലിലേക്ക് വഴുതി വീണതെന്നു കരുതുന്നു. ശ്രീതുവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും സുജ മുങ്ങിത്താഴ്ന്നിരുന്നു.
ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ പണ്ടപ്പള്ളി മാര്‍ക്കറ്റ് ഭാഗത്തുള്ള കനാല്‍ ഭാഗത്തുനിന്ന് സുജയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിലേക്ക് മാറ്റി.അറുനൂറ്റിമംഗലം നിരപ്പില്‍ പരേതനായ സുകുമാരന്റെയും ശ്യാമളയുടെയും മകളാണ് സുജ. പാലക്കുഴ ഗ്രാമപ്പഞ്ചായത്തിലെ സി.ഡി.എസ്. അംഗവും ക്ഷീര കര്‍ഷകയുമാണ്.
Discussion about this post