കോഴിക്കോട്: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മാഹി സ്വദേശി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം സഞ്ചരിച്ചത് മാസ്‌ക് ധരിച്ചാണെന്ന് അധികൃതര്‍. രോഗിയും കൂടെയുണ്ടായിരുന്നവരും മാസ്‌ക് ധരിച്ചാണ് യാത്ര ചെയ്തതെന്ന കണ്ടെത്തല്‍ ആശങ്കയില്‍ കഴിയുകയായിരുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകുന്നു.
അതേസമയം, രോഗം സ്ഥിരീകരിച്ച മാഹി സ്വദേശി ബീച്ച് ആശുപത്രിയില്‍ നിന്നും തിരികെ പോയ സമയത്ത് റൂട്ട് മാപ്പില്‍ പരാമര്‍ശിച്ച സ്ഥലങ്ങളിലുണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ നിലവില്‍ 4967 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. എട്ട് പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
ഇവരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. 116 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 108 എണ്ണത്തിന്റെ ഫലവും നെഗറ്റീവ് ആയിരുന്നു. അതേസമയം, ജില്ലയിലെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന് 1668 സ്‌ക്വാഡുകളെ ജില്ലാ ഭരണകൂടം നിയോഗിച്ചു. പോലീസുകാരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി 202 സ്‌ക്വാഡുകളാണ് പുതിയതായി രൂപീകരിച്ചത്.