മലപ്പുറം: കൊവിഡ് 19 രോഗിയെത്തിയ മലപ്പുറം ജില്ലയിലെ വണ്ടൂരിലെ സ്വകാര്യ ക്ലിനിക്ക് സര്‍ക്കാര്‍ അടപ്പിച്ചു. ആരോഗ്യ വകുപ്പാണ് ക്‌ളീനിക്ക് അടക്കാന്‍ ഉത്തരവ് നല്‍കിയത്.കൊറോണ സ്ഥിരീകരിച്ച സ്ത്രീ എത്തിയ ക്ലിനിക്കാണ് അടപ്പിച്ചത്. ഇവരെ പരിശോധിച്ച താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടര്‍മാരും നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് കൊറോണ സ്ഥിരീകരിക്കുന്നത്. രോഗബാധിതര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. രണ്ട് പേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 194 പേരെയും അവരുമായി സമ്പര്‍ക്കമുണ്ടായ 104 പേരെയും കണ്ടെത്തിയിട്ടുണ്ട് .അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമായി നേരിട്ട് ഇടപഴകിയ 110 പേരെയും അവരുമായി ബന്ധപ്പെട്ട 67 പേരെയും ഇതുവരെ കണ്ടെത്തി.
ജില്ലയിലിപ്പോള്‍ 2213 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 17 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് ജില്ലാതല മുഖ്യ സമിതിയുടെ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു .