തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാനെന്ന പേരില്‍ ജ്യൂസ് വില്‍ക്കുകയായിരുന്ന ബ്രിട്ടീഷ് സ്വദേശി പോലീസ് പിടിയില്‍. വര്‍ക്കലയിലാണ് സംഭവം. ഹെലിപാഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കഫിറ്റീരിയയിലാണ് കൊറോണയെ പ്രതിരോധിക്കാനെന്ന പേരില്‍ ഉല്‍പ്പനം വില്പ്പനയ്ക്ക് വച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.
ആന്റി കൊറോണ ജ്യൂസ് എന്നായിരുന്നു വില്‍പ്പനക്കാരനായ 65കാരന്‍ ബ്രിട്ടീഷ് പൗരന്‍ ജ്യൂസിന് നല്‍കി പേര്. കടയുടെ മുന്‍പില്‍ ഇത് സംബന്ധിച്ച് ഇയാള്‍ ബോര്‍ഡും വെച്ചിരുന്നു. ഒരു ഗ്ലാസ് ജ്യൂസിന് 150 രൂപയാണ് വില. കടയിലെ മുന്നിലൂടെ പോകുന്നതിനിടെയാണ് പരസ്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ഹെര്‍ബല്‍ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ഔഷധ ഘടകങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് ബ്രിട്ടണ്‍ സ്വദേശി പറഞ്ഞു. ഇത് കഴിച്ചാല്‍ കൊറോണ രോഗം മാറുമെന്നതിന് തെളിവുളളതായി അവകാശപ്പെട്ടിരുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് താക്കീത് നല്‍കിയ ശേഷം പോലീസ് ഇയാളെ വിട്ടയച്ചു. കൊറോണ വൈറസ് ഭീതിയില്‍ ജനങ്ങള്‍ കഴിയുമ്പോഴും ഇത്തരത്തില്‍ അവസരം മുതലെടുക്കുന്നവര്‍ നിരവധിയാണ്.