കൊവിഡ് 19 വൈറസ് ബാധയടക്കം ഏത് രോഗവും ചികിത്സിച്ച് ഭേദമാക്കാം; വാഗ്ദാനവുമായി മോഹനന്‍ വൈദ്യര്‍; തടഞ്ഞുവച്ച് പോലീസും ആരോഗ്യവകുപ്പും

തൃശൂര്‍: കൊവിഡ് 19 വൈറസ് ബാധയടക്കം ഏത് രോഗവും ചികിത്സിച്ച് ഭേദമാക്കാമെന്ന വാഗ്ദാനവുമായി മോഹനന്‍ വൈദ്യര്‍. ഈ വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയ മോഹനന്‍ വൈദ്യരെ ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്നു തടഞ്ഞുവച്ചു. കൊവിഡ് 19 ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ രായിരത്ത് ഹെറിറ്റേജില്‍ നടക്കുന്ന റെയ്ഡിനിടെയാണ് മോഹനന്‍ വൈദ്യരെ പോലീസ് തടഞ്ഞത്.

അതെസമയം മോഹന്‍ വൈദ്യര്‍ നേരിട്ടു ചികിത്സ നടത്തിയിട്ടില്ലെന്നതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. ചികിത്സിക്കാനെത്തിയതല്ല, ആയുര്‍വേദ ഡോക്ടര്‍മാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നല്‍കാന്‍ എത്തിയതാണെന്നാണ് മോഹനന്‍ വൈദ്യരുടെ വാദം. ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പു സംഘവും എസിപിയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ഇദ്ദേഹത്തെ ചോദ്യം ചെയ്തു.

ചികിത്സാപ്പിഴവ് മൂലം ഒന്നര വയസ്സുകാരി മരിച്ചതുള്‍പ്പെടെ നിരവധി പരാതികള്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. നരഹത്യ ഉള്‍പ്പടെ ചുമത്തി മോഹനന്‍ വൈദ്യരെ നേരത്തേ കേരളാ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version