ഇനിയുള്ള ജീവിതം സാമൂഹ്യസേവനത്തിനായി; ഇത്രയും ദിവസം ഒളിവില്‍ അല്ലായിരുന്നു, രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തത് ആര്‍ക്കും ശല്യമാകേണ്ട എന്ന് കരുതിയിട്ടെന്ന് ബിഗ് ബോസ് താരം രജിത് കുമാര്‍

ആലുവ: അധ്യാപക ജോലി ഉപേക്ഷിച്ച് ഇനിയുള്ള ജീവിതം സാമൂഹ്യസേവനത്തിനായി മാറ്റിവെയ്ക്കുന്ന കാര്യം പരിഗണനയിലാണെന്ന് ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥി ഡോ. രജിത് കുമാര്‍. ആലുവ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ രജിത് കുമാര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായതിന് പിന്നാലെ വിമാനത്താവളത്തില്‍ എത്തിയ രജിത് കുമാറിന് ആരാധകര്‍ നല്‍കിയ സ്വീകരണം വന്‍ വിവാദമായിരുന്നു. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ടായിരുന്നു രജിത് കുമാറിനെ സ്വീകരിക്കാന്‍ ആരാധകര്‍ എത്തിയത്.

സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. രജിത് കുമാര്‍ തന്നെയായിരുന്നു ഒന്നാംപ്രതി. ഇതിന് പിന്നാലെ രജിത് കുമാര്‍ ഒളിവിലാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

എന്നാല്‍ താന്‍ ഒളിവിലായിരുന്നില്ലെന്നും വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നുവെന്നും പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ രജിത്കുമാര്‍ പറഞ്ഞു.ആര്‍ക്കും ശല്യമാകേണ്ടാ എന്ന് കരുതിയാണ് രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തതെന്നും വിമാനത്താവളത്തിലെ സംഭവം അജ്ഞതയില്‍ നിന്നുണ്ടായതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version