തിരുവനന്തപുരം: സംസ്ഥാനത്ത് തമ്പടിച്ചിരിക്കുന്ന വിദേശികളോട് എത്രയും വേഗം കേരളം വിടണമെന്ന നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. നിയന്ത്രിക്കാനാവാത്ത വിധം സംസ്ഥാനത്ത് കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. ഏകദേശം 5000ത്തോളം വിദേശികളാണ് ഇപ്പോള്‍ കേരളത്തില്‍ തങ്ങുന്നത്. ഇവരോടാണ് എത്രയും വേഗം നാടുപിടിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ലോകത്തെ 151 രാജ്യങ്ങളെ ബാധിച്ച കൊവിഡ് വൈറസ് ബാധയെ മഹാമാരിയായ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുണ്ടെന്നും രോഗബാധയെ തടയാന്‍ കേരളവും നിരന്തര പരിശ്രമത്തിലാണെന്നും ഇതുസംബന്ധിച്ച അറിയിപ്പില്‍ പറയുന്നു. ചില രാജ്യങ്ങള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ സ്വന്തം രാജ്യത്ത് പ്രവേശിപ്പിക്കുന്നുള്ളൂ. ഈ രാജ്യങ്ങളിലെ പൗരന്മാര് കൊവിഡ് ടെസ്റ്റിനായി ജില്ലകളിലെ കോവിഡ് സെല്ലുകളില്‍ ബന്ധപ്പെടണം.
ജില്ല പ്രതിരോധ സെല്ലില്‍ നിന്നും സാംപിള്‍ ശേഖരണം നടത്തിയ ശേഷം ഏറ്റവും അടുത്തുള്ള സെന്ററില്‍ കൊവിഡ് 19 പരിശോധന നടത്തും. തുടര്‍ന്ന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ രാജ്യം വിടാനുള്ള നടപടികള്‍ വിദേശപൗരന്മാര് സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. താമസസ്ഥലത്ത് നിന്നും വിമാനത്താവളത്തിലേക്ക് പോകുമ്പോഴും വിമാനത്താവളത്തില്‍ എത്തിയാലും കൊവിഡ് 19 പ്രതിരോധത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
Discussion about this post