പാലക്കാട്: വയലില്‍ കിടന്നുറങ്ങുകയായിരുന്ന ഫ്രഞ്ച് പൗരനെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലാക്കി. പാലക്കാട് കൊടുവായൂരിലാണ് സംഭവം. നാടുമുഴുവന്‍ കൊറോണ പ്രതിരോധം നടക്കുന്നതിനിടെ വിദേശപൗരനെ വയലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയതോടെ അമ്പരപ്പിലായ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്.
ബുധനാഴ്ച സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടെയാണ് മന്ദത്ത്കാവിനു സമീപത്തെ വയലില്‍ കിടന്നുറങ്ങുകയായിരുന്ന ഫ്രാന്‍സില്‍നിന്നെത്തിയ മാര്‍ഷ് ഇവാന് ജാക്വര്‍(66)നെ നാട്ടുകാര്‍ കണ്ടത്. ഇതോടെ ഇവര്‍ പരിഭ്രാന്തിയിലായി. നാട് ഒന്നടങ്കം കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ വയലില്‍ കിടന്നുറങ്ങുകയായിരുന്ന ഫ്രഞ്ച് പൗരനെ കണ്ടതോടെ നാട്ടുകാര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അമ്പരപ്പിലായി.
ആദ്യം ഇയാള്‍ക്ക് ജീവനില്ലേ എന്ന് തോന്നി. പിന്നീട് ഇയാള്‍ എഴുന്നേറ്റതു കണ്ടപ്പോള്‍ അസുഖബാധിതനാണോ എന്നായി നാട്ടുകാരുടെ പ്രധാന സംശയം. എന്നാല്‍ ഇയാളുടെ അടുത്തുപോകാനോ കാര്യങ്ങള്‍ തിരക്കാനോ കൊറോണ പേടിയുള്ളതിനാല്‍ നാട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് വിവരം പോലീസില്‍ അറയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസും ആരോഗ്യവകുപ്പ് അധികൃതരും ചേര്‍ന്ന് ഇയാളെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.പരിശോധനയില്‍ ഇയാള്‍ക്ക് പനിയോ മറ്റ് അസുഖങ്ങളോ ഇല്ലെന്നു തെളിഞ്ഞെങ്കിലും ജില്ലാ ആശുപത്രിയില്ത്തന്നെയാണുള്ളത്. ജനുവരി 10-നാണ് മാര്‍ഷ് ഇന്ത്യയിലെത്തിയത്.
സൈക്കിളിലായിരുന്നു ഇയാളുടെ യാത്ര. ഇന്ത്യ കാണാനിറങ്ങിയ മാര്‍ഷ് ഇതിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് മന്ദത്തുകാവിലെത്തിയത്. യാത്ര അവസാനിപ്പിക്കുന്നിടത്തുതന്നെ ഉറങ്ങി ശീലമുള്ളതുകൊണ്ടാണ് വയലില്‍ത്തന്നെ ഉറങ്ങാന്‍ തീരുമാനിച്ചതെന്ന് ഇദ്ദേഹം പോലീസിനോടു പറഞ്ഞു.
Discussion about this post