കൊവിഡ്: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; ആരോഗ്യ മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. ഇത്തരം വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്ന് കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുള്ളതിനാലാണ് നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതെസമയം കൊവിഡ് പശ്ചാത്തലത്തില്‍ മാത്രമല്ല, ചില മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകള്‍ക്ക് മരുന്നുകള്‍ നല്‍കുന്നുണ്ടെന്ന് വ്യാപക പരാതികള്‍ നേരത്തെയും ലഭിച്ചിട്ടുണ്ടെന്നും, ഇത് കൂടി കണക്കിലെടുത്താണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

ഓണ്‍ലൈനായി മരുന്ന് വില്‍പ്പന നടത്തുന്നത് നിയന്ത്രിക്കണമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ ഇടപെടല്‍ ഇതിന് ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാരിന് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു.

Exit mobile version