പൊന്നാനി: സംസ്ഥാന സർക്കാറിന്റെ കൊവിഡ് 19 വ്യാപനത്തിനെതിരെ നടക്കുന്ന ബ്രേക്ക് ദി ചെയിൻ ചാലഞ്ചിന്റെ ഭാഗമാവുകയാണ് മലപ്പുറം പൊന്നാനിയിലെ ഓട്ടോ തൊഴിലാളിയായ സുലൈമാനും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബോധവത്കരണ ക്യാംപെയിനായ ബ്രേയ്ക്ക് ദ ചെയിനിന് പിന്തുണയുമായി കൂടുതൽ സിനിമാതാരങ്ങൾ വന്നിരുന്നു. അഭിനേതാക്കളായ ദുൽഖർ സൽമാൻ, ടോവിനോ തോമസ്, ജയറാം, ജയസൂര്യ, വിനീത് ശ്രീനിവാസൻ, പാർവതി തിരുവോത്ത് എന്നിവരാണ് ക്യാംപെയിന്റെ ഭാഗമായി ബോധവത്കരണ വീഡിയോകളുമായി രംഗത്തുവന്നത്. എന്നാൽ സുലൈമാൻ എന്ന സാധാരണക്കാരനായ ഓട്ടോ തൊഴിലാളി തന്റെ ജോലിയിലൂടെതന്നെ ശുചിത്വബോധവത്കരണം നടത്തുന്നതാണ് ഇയാളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്ഥനാക്കുന്നത്.
മാറഞ്ചേരിയിലെ ഓട്ടോ ഡ്രൈവറായ സുലൈമാൻ തന്റെ ഓട്ടോയിൽ കയറുന്നവർക്ക് കൈകൾ കഴുകാനുള്ള ഹാന്റ് വാഷുകൾ നൽകിയാണ് സർക്കാർ ഉദ്യമത്തിൽ പങ്കാളിയായത്. സ്വന്തം ഓട്ടോ രാവിലെ സോപ്പിട്ട് കഴുകി വൃത്തിയാക്കിയതിനുശേഷമാണ് സുലൈമാൻ ഓട്ടം പോകുന്നത്. കയറുന്ന ഓരോ യാത്രക്കാർക്കും ശുചിത്വബോധം വേണമെന്ന നിർബന്ധമാണ് സുലൈമാന്. നിരവധി യാത്രക്കാർ കയറുന്ന ഓട്ടോയിൽ കൈകൾ നന്നായി കഴുകിയിട്ട് ഓട്ടോയിൽ കയറിയാൽ മതിയെന്ന് സുലൈമാൻ പറയുന്നു. കയറിയ യാത്രക്കാരെല്ലാം ഇതിനോട് സഹകരിച്ചിട്ടുണ്ടെന്നാണ് സുലൈമാൻ എന്ന ഓട്ടോ സുലൈമാൻ പറയുന്നത്.
മാറഞ്ചേരി സ്റ്റാൻഡിലെ ഓട്ടോതൊഴിലാളിയായ സുലൈമാൻ എരമംഗലം താഴത്തേൽപടി സ്വദേശിയാണ്. 2004 മുതൽ മാറഞ്ചേരിയിലെ ഓട്ടോ ഡ്രൈവറാണ് 45 കാരനായ സുലൈമാൻ.’ ശുചിത്വ കരുതലോടെ യാത്രക്കാർക്ക് സഞ്ചാരം’ അതാണ് സുലൈമാന്റെ സന്ദേശം. ആവശ്യമായ ഹാന്റ് വാഷുകൾ കിട്ടാനില്ലന്നാണ് സുലൈമാന്റെ സങ്കടം. എന്നാലും മെഡിക്കൽ സ്റ്റോർ ജീവനക്കാർ എന്നും എത്തിച്ചുനൽകാമെന്ന് ഉറപ്പ് നൽകിയതാണ് സുലൈമാന്റെ ആശ്വാസം.
റിപ്പോർട്ട്: ഫഖ്‌റുദ്ധീൻ
Discussion about this post