ന്യൂഡൽഹി: കേന്ദ്രസർക്കാർ ഇന്ത്യൻ റെയിൽവേ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി കെകെ രാഗേഷ്. സാധാരണക്കാരായ ജനങ്ങൾ യാത്രയ്ക്കായി ആശ്രയിക്കുന്ന റെയിൽവേയെ കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാക്കാതെ വിറ്റഴിക്കാനുള്ള നീക്കം നടത്തുന്ന കേന്ദ്ര സർക്കാർ ദൂരവ്യാപകമായ പ്രത്യാഘാതമാണ് വരുത്തിവെയ്ക്കുന്നതെന്ന് കെകെ രാഗേഷ് കുറ്റപ്പെടുത്തി. 150 ട്രെയിനുകൾ സ്വകാര്യമേഖലയെ ഏൽപിക്കാൻ തീരുമാനിച്ചിരിക്കുന്നു. രാജധാനി-ശതാബ്ദി ട്രെയിനുകളും സ്വകാര്യവൽക്കരിക്കാനാണ് നീക്കം. വൻനഗരങ്ങളിലേക്കുള്ളതും സുപ്രധാന റൂട്ടുകളും സ്വകാര്യവൽക്കരിക്കുന്നതിനും തീരുമാനിച്ചിരിക്കുന്നു. ഘട്ടംഘട്ടമായുള്ള സമ്പൂർണ്ണ സ്വകാര്യവൽക്കരണമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് വ്യക്തമെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.
കെകെ രാഗേഷ് എംപി രാജ്യസഭയിലെ പ്രസംഗത്തിന്റെ പൂർണ്ണരൂപം:
റെയിൽവേ സ്വകാര്യവൽക്കരണം ഉപേക്ഷിക്കണം
റെയിൽവേ സ്വകാര്യവൽക്കരണ നീക്കം ജനവിരുദ്ധവും ദേശവിരുദ്ധവുമായ നടപടിയാണ്. രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ എഞ്ചിനാണ് റെയിൽവേ എന്ന് പ്രധാനമന്ത്രി ഒരു ഭാഗത്ത് വിശദീകരിക്കുമ്പോൾ മറുഭാഗത്ത് ആ എഞ്ചിൻ വിൽക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നത്.
ഇന്ത്യൻ റെയിൽവേ രാജ്യത്തിന്റെ ഐക്യത്തിന്റെയും സമന്വയത്തിന്റെയും പ്രതീകമാണ്. ക്യാൻസലേഷൻ ചാർജ്ജുൾപ്പെടെ വർദ്ധിപ്പിച്ച് യാത്രാനിരക്ക് വളഞ്ഞവഴിയിലൂടെ പലതവണ വർദ്ധിപ്പിച്ചെങ്കിലും ഇപ്പോഴും സാധാരണക്കാരയ ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന സംവിധാനമാണ് റെയിൽവേ. സംവിധാനമാകെ ആധുനികവൽക്കരിക്കേണ്ടതും കാലാനുസൃതമാക്കാനുമുള്ള ഉത്തരവാദിത്തം സർക്കാറിനാണ്. എന്നാൽ ഇത് ചെയ്യാതെ റെയിൽവേ സംവിധാനമാകെ ഘട്ടംഘട്ടമായി സ്വകാര്യമേഖലയെ ഏൽപിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമാണുണ്ടാക്കുക. 150 ട്രെയിനുകൾ സ്വകാര്യമേഖലയെ ഏൽപിക്കാൻ തീരുമാനിച്ചിരിക്കുന്നു. രാജധാനി-ശതാബ്ദി ട്രെയിനുകളും സ്വകാര്യവൽക്കരിക്കാനാണ് നീക്കം. വൻനഗരങ്ങളിലേക്കുള്ളതും സുപ്രധാന റൂട്ടുകളും സ്വകാര്യവൽക്കരിക്കുന്നതിനും തീരുമാനിച്ചിരിക്കുന്നു. ഘട്ടംഘട്ടമായുള്ള സമ്പൂർണ്ണ സ്വകാര്യവൽക്കരണമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
സ്വകാര്യവൽക്കരണത്തോടെ സംവരണമാകെ അട്ടിമറിക്കപ്പെടും. മുതിർന്ന പൗരന്മാർക്കും, വികലാംഗർക്കും മറ്റും നൽകിവരുന്ന ഇളവുകൾ ഇല്ലാതാകും. അനിയന്ത്രിതമായ ചാർജ്ജ് വർദ്ധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കാൻ ഇതുവഴിയൊരുക്കും. ലോകത്തിൽ തന്നെ ഏറ്റവും മെച്ചപ്പെട്ട റെയിൽവേ സംവിധാനം പൊതുമേഖലയിലാണുള്ളത്. ബ്രിട്ടനിൽ റെയിൽവേ സ്വകാര്യവൽക്കരണം ഉപേക്ഷിച്ച് ദേശസാൽക്കരിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ഇതിൽ നിന്നൊന്നും പഠിക്കാതെ ഇതര രംഗങ്ങളെയെന്നപോലെ റെയിൽവേയും വിൽക്കാനാണ് കേന്ദ്രനീക്കം.
കേരളത്തോട് ബിജെപി സർക്കാർ കടുത്ത വിവേചനമാണ് കാണിക്കുന്നത്. സംസ്ഥാനത്തിന് പുതിയ ട്രെയിനുകളൊന്നും അനുവദിക്കുന്നില്ല. നിലവിലുള്ള ട്രെയിനുകളിലാകട്ടെ പഴകിദ്രവിച്ച ബോഗികളാണുള്ളത്. മറ്റിടങ്ങളിലെ ഉപയോഗിച്ച് കാലഹരണപ്പെട്ട ബോഗികൾ ഡംപ് ചെയ്യാനുള്ള ഇടമായി കേരളത്തെ മാറ്റുകയാണ്. വാഗ്ദാനം ചെയ്ത കോച്ച് ഫാക്ടറി ഉപേക്ഷിച്ചു. നേരത്തെ പ്രഖ്യാപിച്ച മൂന്നാം പാതയും ഉപേക്ഷിച്ച മട്ടാണ്. തലശ്ശേരി-മൈസൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ താൽപര്യമെടുക്കുന്നില്ല. രാജധാനി ട്രെയിൻ എല്ലാ ദിവസവുമാക്കുക, മെമു സർവ്വീസ് ആരംഭിക്കുക തുടങ്ങിയ പുതിയ ആവശ്യങ്ങളോടൊന്നും അനുകൂല തീരുമാനമുണ്ടാക്കുന്നില്ല. മുഖ്യമന്ത്രി തന്നെ പലതവണ കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തി. കേരളത്തിന് അവകാശപ്പെട്ട റെയിൽവേ വികസനത്തോട് മുഖംതിരിക്കുന്ന നിലപാടിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം.
Discussion about this post