മലപ്പുറം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി അധികൃതര്‍ നല്കിയ ജാഗ്രതാനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയും നിയന്ത്രണങ്ങള്‍ മറികടന്നും പൊന്നാനിയില്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയവര്‍ക്കെതിരെ കേസ്. പുതുപൊന്നാനി തര്‍ബിയത്തുല്‍ ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഉംറ കഴിഞ്ഞ് സൗദിയില്‍ വന്നവരെ ഉള്‍പ്പെടുത്തിയാണ് കൂട്ടപ്രാര്‍ഥന, -സ്വലാത്ത് നടത്തിയത്. ട്രസ്റ്റിന്റെ ഭാരവാഹികളായ മൂന്ന് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെത്തന്നെ ട്രസ്റ്റിന്റെ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തേക്കും എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്നാണ് പോലീസ് അത് സംബന്ധിച്ചുള്ള സ്ഥിരീകരണം നല്‍കിയത്.
കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ കേരളം കനത്ത ജാഗ്രതയിലാണ്. വിദേശത്തുനിന്നും എത്തുന്നവരോട് നിരീക്ഷണകാലയളവില്‍ കഴിയണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. അതുപോലെ തന്നെ മതപരമായ പരിപാടികളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഉംറ കഴിഞ്ഞെത്തിയവരെ വിളിച്ചു ചേര്‍ത്ത് ഇത്തരത്തിലൊരു സ്വലാത്ത് സംഘടിപ്പിച്ചത്. ഇത് ഗുരുതരമായ നിയമലംഘനമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
Discussion about this post