കോഴിക്കോട്: കൊവിഡ് 19 ഭീതിക്ക് ഇടയിലും മുതലെടുപ്പ് തകൃതി. കൊവിഡിന്റെ മറവില്‍ ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ നിര്‍മ്മിച്ചാണ് മുതലെടുപ്പ് നടത്തുന്നത്. കോഴിക്കോട് നഗരത്തില്‍ കടമുറിക്കുള്ളില്‍വച്ച് നിര്‍മിച്ച ഒന്നരലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസര്‍ പിടിച്ചെടുത്തു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗമാണ് സാനിറ്റൈസര്‍ പിടിച്ചെടുത്തത്. മൂന്നിരട്ടി വിലയ്ക്കാണ് വ്യാജ സാനിറ്റൈസര്‍ വിപണിയിലെത്തിച്ചിരുന്നത്.
ചിന്താവളപ്പില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് വ്യാജ സാനിറ്റൈസര്‍ നിര്‍മ്മിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ആവശ്യക്കാര്‍ കൂടിയതോടെ ഒരാഴ്ച മുന്‍പ് നിര്‍മ്മാണം ആരംഭിക്കുകയായിരുന്നു. പുറമെ നിന്ന് അസംസ്‌കൃത വസ്തുക്കളെത്തിച്ച് ഇവിടെനിന്ന് കുപ്പികളില്‍ നിറയ്ക്കും. 375മില്ലിക്ക് 399 രൂപയാണ് വിലയിട്ടിരിക്കുന്നത്.
ഒരു കുപ്പി ഇരുന്നൂറ് രൂപയ്ക്ക് കടകളിലെത്തിച്ച് നല്‍കും. യഥാര്‍ത്ഥത്തില്‍ ആകെ നിര്‍മ്മാണ ചെലവ് 47 രൂപമാത്രമാണ്. ഇതാണ് 200 രൂപയ്ക്ക് വില്‍ക്കുന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു.
Discussion about this post