കൊച്ചി: സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിര്‍ദേശം അവഗണിച്ച് ബിഗ് ബോസ് റിയാലിറ്റി ഷോ താരം രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രജിത്തിനെ സ്വീകരിക്കാന്‍ എത്തിയ ചേലാമറ്റം സ്വദേശികളായ നിബാഫ്, മുഹമ്മദ് അഫ്‌സല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതെസമയം രജിത് കുമാര്‍ ഒളിവിലാണ്.
അന്യായമായി സംഘം ചേരല്‍, സര്‍ക്കര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അവഗണിക്കല്‍, പൊതു ജനങ്ങളുടെ വഴി തടസ്സപ്പെടുത്തി അപകടം വരുത്താനള്ള ശ്രമം എന്നിങ്ങനെ അഞ്ചു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിമാനത്താവളത്തിന്റെ 500 മീറ്റര്‍ പരിധിയില്‍ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ലെന്ന നിയമവും പ്രതികള്‍ ലംഘിച്ചിട്ടുണ്ട്. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വിമാനത്താവന്‍ത്തിലെ ടെര്‍മിനലിലും വ്യൂയിംഗ് ഗ്യാലറിയലും സന്ദര്‍ശകര്‍ക്ക് കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ ഒത്തുകൂടരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചാണ് രജിത് കുമാര്‍ ആരാധകര്‍ വിമാനത്താവളത്തില്‍ ഒത്ത് കൂടിയത്. ചെന്നൈയില്‍ നിന്നും വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോഴാണ് രജിത് കുമാറിന് ആരാധകര്‍ സ്വീകരണം ഒരുക്കിയത്. ആഭ്യന്തര ടെര്‍മിനലിന് പുറത്തായിരുന്നു സ്വീകരണം. രജിത് കുമാര്‍, ഷിയാസ്, പരീക്കുട്ടി, ഹബീബ് റഹ്മാന്‍ എന്നിവര്‍ക്കൊപ്പം കണ്ടാലറിയാവുന്ന എഴുപത്തിയഞ്ചു പേര്‍ക്കെതിരെയാണ് കേസെടുത്തത്.
നിര്‍ദേശം ലംഘിച്ചുള്ള സ്വീകരണം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സംഭവത്തില്‍ കേസെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഇന്നു രാവിലെ അറിയിച്ചിരുന്നു. സ്വീകരണത്തിനെത്തിയവരെ അറസ്റ്റ് ചെയ്യുമെന്ന് പിന്നീട് എറണാകുളം റൂറല്‍ എസ്പിയും വ്യക്തമാക്കി. ഇതിനായി പോലീസ് സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും എസ്പി വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.