തിരുവനന്തപുരം: വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട അപ്പീല്‍ കേസുകളില്‍ ഉണ്ടായ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. കേസ് പരിഗണനക്കെടുത്തതിനൊപ്പം, കീഴ്‌കോടതി വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യാനുമുള്ള ഉത്തരവ് ഉണ്ടായിരിക്കയാണ്. വാളയാര്‍ കേസിലെ കീഴ്‌കോടതി വിധി വന്നപ്പോള്‍ വലിയ വിമര്‍ശനം സര്‍ക്കാരിനെതിരെ ഉണ്ടായിരുന്നു. കേസില്‍ അപ്പീല്‍ പോകുമെന്ന് വിധി വന്ന 2019 ഒക്ടോബര്‍ 27 നു തന്നെ മാധ്യമ പ്രവര്‍ത്തകരോട് ഞാന്‍ പറഞ്ഞിരുന്നുവെന്നും മന്ത്രി പറയുന്നു.
അന്വേഷണത്തിലും പ്രോസിക്യൂഷന്‍ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സൂചിപ്പിച്ചിരുന്നു. അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് നിയമസഭയില്‍ പറയുകയും ചെയ്തു. പക്ഷെ എനിക്കും സര്‍ക്കാരിനുമെതിരെ ചിലര്‍ പ്രത്യേക ലക്ഷ്യത്തോടെ വിമര്‍ശനം നടത്തിക്കൊണ്ടിരുന്നുവെന്നും മന്ത്രി തുറന്നടിച്ചു.
കീഴ്‌കോടതി വിധിക്കെതിരെ കേവലം അപ്പീല്‍ നല്‍കുക മാത്രമല്ല, കേസില്‍ തുടരന്വേഷണം നടത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും കൂടുതല്‍ സാക്ഷികളെ കണ്ടെത്തിയും പുനര്‍വിചാരണ നടത്തി പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ വാദം. ഇത്തരം അപ്പീല്‍ കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുന്നത് അസാധാരണമാണ്. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചതുകൊണ്ടാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ ഇടയായിട്ടുള്ളതെന്നും മന്ത്രി കുറിച്ചു. തെറ്റിദ്ധാരണ പരത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടി കൂടിയാണ് ഹൈക്കോടതിയുടെ ഇന്നത്തെ ഉത്തരവെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട അപ്പീല്‍ കേസുകളില്‍ ഉണ്ടായ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. കേസ് പരിഗണനക്കെടുത്തതിനൊപ്പം, കീഴ്‌കോടതി വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യാനുമുള്ള ഉത്തരവ് ഉണ്ടായിരിക്കയാണ്. വാളയാര്‍ കേസിലെ കീഴ്‌കോടതി വിധി വന്നപ്പോള്‍ വലിയ വിമര്‍ശനം സര്‍ക്കാരിനെതിരെ ഉണ്ടായിരുന്നു. കേസില്‍ അപ്പീല്‍ പോകുമെന്ന് വിധി വന്ന 2019 ഒക്ടോബര്‍ 27 നു തന്നെ മാധ്യമ പ്രവര്‍ത്തകരോട് ഞാന്‍ പറഞ്ഞിരുന്നു. അന്വേഷണത്തിലും പ്രോസിക്യൂഷന്‍ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സൂചിപ്പിച്ചിരുന്നു. അടുത്ത ദിവസം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഇത് നിയമസഭയില്‍ പറയുകയും ചെയ്തു. പക്ഷെ എനിക്കും സര്‍ക്കാരിനുമെതിരെ ചിലര്‍ പ്രത്യേക ലക്ഷ്യത്തോടെ വിമര്‍ശനം നടത്തിക്കൊണ്ടിരുന്നു.
കീഴ്‌കോടതി വിധിക്കെതിരെ കേവലം അപ്പീല്‍ നല്‍കുക മാത്രമല്ല, കേസില്‍ തുടരന്വേഷണം നടത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും കൂടുതല്‍ സാക്ഷികളെ കണ്ടെത്തിയും പുനര്‍വിചാരണ നടത്തി പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ വാദം. ഇത്തരം അപ്പീല്‍ കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുന്നത് അസാധാരണമാണ്. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചതുകൊണ്ടാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ ഇടയായിട്ടുള്ളത്.
രണ്ടാമത്തെ മരണം നടന്ന 2017 മാര്‍ച്ച് നാലിന് ശേഷം മാര്‍ച്ച് 11 ന് ഞാന്‍ വാളയാറിലെത്തി കുട്ടികളുടെ മാതാപിതാക്കളെ കാണുകയും പഴുതുകളില്ലാത്ത അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നു ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് കോണ്‍ഗ്രസ് നേതാക്കളടക്കം അവിടെ പോയത്. കീഴ്‌കോടതിയില്‍ പ്രോസിക്യൂഷന്‍ ഭാഗം വാദിച്ചത് യു.ഡി.എഫ് ഭരണകാലത്തു നിയോഗിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. അതിലുള്ള വീഴ്ചകള്‍ പരിഹരിച്ച് നീതി ലഭ്യമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിന്റെ വിജയമാണിത്. ഇക്കാര്യത്തില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടം സര്‍ക്കാര്‍ തുടരുക തന്നെ ചെയ്യും.
തെറ്റിദ്ധാരണ പരത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടി കൂടിയാണ് ഹൈക്കോടതിയുടെ ഇന്നത്തെ ഉത്തരവ്.