കോഴിക്കോട്: ‘ജനറൽ കമ്പാർട്ടുമെന്റ് എന്താ കൊറോണ കേറാ മലയാണോ’ എന്നാണ് ജനറൽ കമ്പാർട്ടുമന്റെിൽ കയറാൻ തിരക്കുകൂട്ടുന്ന യാത്രക്കാരുടെ ചിത്രം പങ്കുവെച്ച് രാജ് ഗോവിന്ദ് എന്ന യാത്രക്കാരൻ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്.
‘കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാൻ’ ഇന്ത്യൻ റെയിൽവെ യാതൊരു ഉളുപ്പുമില്ലാതെ പരസ്യം ചെയ്യുന്നത് നിർത്തണം. അല്ലെങ്കിൽ ജനറൽ കമ്പാർട്ടുമന്റെുകൾ കൂട്ടുകയോ റിസർവേഷൻ കമ്പാർട്ടുമന്റെിൽ ഒഴിവുള്ള കോച്ചുകളിൽ കയറാനോ ഉടൻ സംവിധാനം ചെയ്യണം. ഉത്സവങ്ങൾ, പെരുന്നാളുകൾ, വിവാഹം എന്തിനേറെ മരണവീട്ടിൽ പോലും ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് നിരോധിച്ച നാട്ടിലാണ് ഈ തിരക്കെന്ന് ഓർക്കണം’-രാജ് ഗോവിന്ദ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു .
‘ഓഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, കൺവെൻഷൻ സെന്ററുകൾ എന്നിവിടങ്ങളിൽ 50ലധികം പേർ ഒരുമിച്ചാൽ പൊലീസിനെ വിളിക്കുമെന്നാണ് സർക്കാരുകൾ പറയുന്നത്. ജനറൽ കമ്പാർട്ടുമെൻറിൽ രാജ്യത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റംവരെയുള്ള വിവിധ നാടുകളിലെ ആളുകളാണ് കുത്തിനിറച്ച് കയറുന്നത്. വിയർത്തൊലിച്ച് അട്ടിയിട്ടപോലെ നിൽക്കുന്ന ഈ യാത്രക്കാരുടെ കാര്യത്തിൽ രാജ്യത്തിന് യാതൊരു ഉത്തരവാദിത്വവുമില്ലേ ഇവരുടെ ആരോഗ്യം സംരക്ഷിക്കേണ്ട ബാധ്യത ആർക്കാണ്’ എന്നും പോസ്റ്റിൽ ചോദിക്കുന്നു.
വളരെ യാഥാർഥ്യത്തോടെയുള്ള വിമർശനമാണ് രാജ് ഗോവിന്ദ് ഉയർത്തിയിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.