പാലക്കാട്: വാളയാർ കേസിൽ വെറുതെവിട്ട മുഴുവൻ പ്രതികളേയും പിടികൂടി ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അട്ടപ്പള്ളത്തു പ്രായപൂർത്തിയാകാത്ത ദലിത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ മുഴുവൻ പ്രതികൾക്കുമെതിരേയുമാണ് കോടതിയുടെ ഉത്തരവ്. പ്രതികളെ വെറുതെ വിട്ടതിനെതിരെ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളും സർക്കാരും നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിർദേശം.
നിലവിലുള്ള സാഹചര്യത്തിൽ തുടരന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയാൽ ശിക്ഷിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും. പ്രതികൾ രാജ്യം വിടാൻ പോലും സാധ്യതയുണ്ട് എന്നതു പരിഗണിച്ചാണ് ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയൊ ജാമ്യത്തിൽ വിടുകയൊ വേണമെന്ന് നിർദേശിച്ചത്. ആറ് പ്രതികൾക്കെതിരെയും ബെയിലബിൾ അറസ്റ്റ് വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് അവധിക്കു പിരിഞ്ഞ് തുറക്കുമ്പോൾ മേയ് മാസത്തിൽ പരിഗണിക്കും.
അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം മധു, ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കൽ വീട്ടിൽ ഷിബു, വി മധു എന്നിവരെയാണു കോടതി നേരത്തെ വിട്ടയച്ചിരുന്നത്. പ്രതിപ്പട്ടികയിലെ ചേർത്തല സ്വദേശി പ്രദീപ്കുമാറിനെ നേരത്തെ വിട്ടയച്ചിരുന്നു. കേസിൽ ഇനി അവശേഷിക്കുന്നതു പ്രായപൂർത്തിയാകാത്ത ഒരു പ്രതി മാത്രമാണ്. ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിൽ നടക്കുകയാണ്.
Discussion about this post