കൊച്ചി: ലോകമാകെ പടർന്നുപിടിക്കുന്ന കോവിഡ്-19 വൈറസിനെതിരായ പ്രതിരോധം ശക്തമാക്കിയതിനിടെ സംസ്ഥാനത്ത് ശുചിത്വം പാലിക്കണമെന്ന സന്ദേശം നൽകി സർക്കാർ തുടക്കമിട്ട ‘ബ്രേയ്ക്ക് ദ ചെയിൻ’ ക്യാംപെയിന് മികച്ച തുടക്കം. നിരവധി സെലിബ്രിറ്റികൾ ക്യാംപെയിന് പിന്തുണയുമായി രംഗത്തെത്തി.
ലോകമാകെ പടരുന്ന വൈറസിനെ ഇല്ലാതാക്കാൻ ശുചിത്വമാണ് നമുക്ക് വേണ്ടതെന്നും കേരളത്തിൽ വൈറസിനെ ബ്രേയ്ക്ക് ചെയ്യണമെന്നും നടൻ ജോജു ജോർജ് പറഞ്ഞു. കൈകൾ വൃത്തിയായി കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കണമെന്നും ജോജു ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
പടർന്നുപിടിക്കുന്ന കൊറോണ ഇല്ലാതാക്കാൻ കേരളത്തിൽ നമുക്ക് സാധിക്കുമെന്നാണ് ക്യാമ്പെയിനിൽ പങ്കെടുത്തുകൊണ്ട് നടി മഞ്ജു വാര്യരും പറഞ്ഞത്.
‘ജാഗ്രതയോടെ കൈകാര്യം ചെയ്താൽ കൊറോണയെ നമുക്ക് നിർമാർജ്ജനം ചെയ്യാനാകും’, സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഫേസ്ബുക്കിൽ ബ്രേയ്ക്ക് ദ ചെയിന്‍ പിന്തുണ നൽകി രംഗത്തെത്തി.
ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും അടക്കം കൈ കഴുകുന്നതിന് സൗകര്യം ഉണ്ടാക്കുകയും കൈകൾ ശുചീകരിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുകയാണ് ക്യാംപെയിന്റെ ലക്ഷ്യം. ഉദ്ഘാടനം ഞായറാഴ്ച പത്രസമ്മേളനത്തിൽ ആരോഗ്യമന്ത്രി കെകെ ശൈലജ നിർവഹിച്ചു.