തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കൊറോണ വൈറസ് ബാധ ഉണ്ടെന്ന് സംശയം.കഴിഞ്ഞ ദിവസം കൊല്ലം പുനലൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്കാണ് വൈറസ് ബാധയുണ്ടോയെന്ന് സംശയം. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി.
പത്ത് ദിവസം മുമ്പ് സൗദിയില്‍ നിന്നെത്തിയ ആളാണ് അപകടത്തില്‍പ്പെട്ടത്. കൊറോണ സംശയിക്കുന്നതിന്റെ ഭാഗമായി ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം മറികടന്ന് പുറത്തിറങ്ങിയപ്പോഴാണ് ഇയാള്‍ അപകടത്തില്‍പ്പെട്ടത്.
കൊറോണ നിരീക്ഷണത്തിലായിരുന്ന ആളാണ് എന്നതറിയാതെയാണ് കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഇയാള്‍ക്ക് ചികിത്സ നല്‍കിയത്. ഇതോടെ രോഗിയെ പരിശോധിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 20ലേറെപ്പേര്‍ വീടുകളില്‍ നിരീക്ഷണത്തിലായി.
അപകടം നടക്കുന്ന സമയത്ത് ഇയാളുടെ ഭാര്യയും കുട്ടിയും ഒപ്പമുണ്ടായിരുന്നു. കുട്ടിക്കും രോഗ ലക്ഷണങ്ങളുണ്ട്. എന്നാല്‍ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തില്‍ പരിക്കേറ്റ ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.