പത്തനംതിട്ട: ചൈനയില്‍ നിന്നെത്തി പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ മരിച്ചു. പത്ത് ദിവസം മുന്‍പാണ് വിദ്യാര്‍ത്ഥി നാട്ടില്‍ എത്തിയത്. വിദ്യാര്‍ത്ഥിയും അച്ഛനും തമ്മില്‍ അടുത്ത് ഇടപഴകിയിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
അതേസമയം, അച്ഛന്റെ സംസ്‌കാരം നാല് ദിവസത്തേയ്ക്ക് കൂടി നീട്ടിവെയ്ക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടേയ്ക്കും. കഴിഞ്ഞ പത്ത് ദിവസമായി ഐസൊലേഷനിലാണ് വിദ്യാര്‍ത്ഥി. ഈ സാഹചര്യത്തിലാണ് സംസ്‌കാരം നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം പത്തനംതിട്ടയില്‍ പുതുതായി ലഭിച്ച പരിശോധന റിപ്പോര്‍ട്ട് പ്രകാരം ഒരു വയസുള്ള കുഞ്ഞ് ഉല്‍പ്പടെ ഒമ്പത് പേരുടെ ഫലം നെഗറ്റീവാണ്.
കൊറോണ സംശയിക്കുന്ന പന്തളം സ്വദേശിയുടെ ഫലം തിങ്കളാഴ്ച ലഭിക്കും. നിലവില്‍ ആശുപത്രികളില്‍ 29 പേരും വീടുകളില്‍ 1250 പേരുമാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ തുടരുന്നത്. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.