തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടർക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ മുപ്പതോളം ഡോക്ടർമാരെ വീട്ടിൽ നിരീക്ഷണത്തിലാക്കി. രോഗം ബാധിച്ച ഡോക്ടർ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയിലെ റേഡിയോളജി ലാബ് അടച്ചുപൂട്ടുകയും ചെയ്തു. ആശുപത്രിയിലെ ശസ്ത്രക്രിയ അടക്കം നിർത്തിവെക്കാനും സാധ്യതയുണ്ട്. സ്പെയിനിലേക്ക് പരിശീലനത്തിന് പോയി തിരിച്ചെത്തിയ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളിപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വിദേശത്തു നിന്നെത്തിയ ശേഷം ഡോക്ടർ മൂന്നുദിവസം ശ്രീചിത്ര ആശുപത്രിയിൽ ജോലിക്കെത്തിയിരുന്നു. അതിനാലാണ് മുപ്പതോളം ഡോക്ടർമാരേയും ആശുപത്രി ജീവനക്കാരേയും നിരീക്ഷണത്തിലാക്കിയത്. ഇതിനിടെ ശ്രീചിത്രയിൽ നടന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി വി മുരളീധരൻ ആശുപത്രി അധികൃതരിൽ നിന്ന് വിശദീകരണം തേടി. ശനിയാഴ്ചയാണ് വി മുരളീധരൻ യോഗത്തിൽ പങ്കെടുത്തത്. ഇതിന് മുമ്പായി ഏതെങ്കിലും തരത്തിൽ മുൻകരുതൽ എടുക്കേണ്ടതുണ്ടോ എന്ന് ആശുപത്രി അധികൃതരോട് മുരളീധരന്റെ ഓഫീസ് ചോദിച്ചറിഞ്ഞിരുന്നു. എന്നാൽ അത്തരത്തിൽ ഒരു പ്രശ്നവും ഇല്ലെന്നാണ് ലഭിച്ച മറുപടി. തുടർന്ന് മന്ത്രി യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.
എന്നാൽ ഈ ആശുപത്രിയിലെ ഒരു ഡോക്ടർക്ക് കഴിഞ്ഞ ദിവസം കൊറോണ വൈറസ് സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ഡോക്ടർമാർ ആരെങ്കിലും മുരളീധരന്റെ യോഗത്തിൽ പങ്കെടുത്തിരുന്നോ എന്ന സംശയത്തിലാണ് മന്ത്രിയുടെ ഓഫീസ് ഇപ്പോൾ വിശദീകരണം തേടിയിരിക്കുന്നത്. കൊറോണ ബാധിതനായ ഡോക്ടർ ആശുപത്രിയിലുണ്ടെന്ന വിവരം മറച്ചുവെച്ചുവെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തൽ. ഇതോടെ ആശുപത്രി ഡയറക്ടറോട് മുരളീധരന്റെ ഓഫീസ് വിശദീകരണം തേടുകയായിരുന്നു. ഇയാൾ ജോലി ചെയ്തിരുന്ന റേഡിയോളജി ലാബാണ് അടച്ചത്.