തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിനായി കൂടുതല്‍ സജ്ജീകരണങ്ങളുമായി കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനമെന്ന നിലയില്‍ കേരളം കൂടുതല്‍ പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലും വൈറല്‍ റിസര്‍ച്ച് ഡെവലപ്പ്മെന്റ് ലബോറട്ടറി കൊവിഡ് 19 പരിശോധനയ്ക്ക് സജ്ജമാക്കി. ഇതിനായി അനുമതി ലഭിച്ച കാര്യം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 2.939 കോടി രൂപ മുതല്‍ മുടക്കിയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ലാബ് സജ്ജമാക്കുന്നത്.
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ലാബിന് സമീപത്തായാണ് കോവിഡ് 19 പരിശോധിക്കുന്നതിനുള്ള ലാബ് സജ്ജീകരിച്ചിരിക്കുന്നത്.
നിപ്പയ്ക്ക് ശേഷം കേരളത്തിന് സ്വന്തമായി വൈറോളജി ലാബും വൈറസ് പരിശോധനാ സംവിധാനങ്ങളും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴയില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും പിന്നീട് വൈറസ് പരിശോധനാ ലാബുകള്‍ സജ്ജമാക്കി. കൊറോണയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ വേഗത്തിലുള്ള നടപടി.
തൃശ്ശൂര്‍ മെഡിക്കല്‍ കൊളേജില്‍ വൈറല്‍ റിസര്‍ച്ച് ഡെവലപ്പ്മെന്റ് ലബോറട്ടറി സ്ഥാപിക്കാന്‍ 2017 ല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കൂടെ അനുമതിയോട് കൂടെയാണിത്. സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ മൂലം ലാബിന്റെ പണികള്‍ 2019 മെയ് മാസം പൂര്‍ത്തിയായി. കോവിഡ് 19നുള്ള കളക്ഷന്‍ സെന്റര്‍ ആയി മാര്‍ച്ച് 7ന് ഇവിടം തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് മാര്‍ച്ച് പത്തോട് കൂടി പ്രാഥമിക പരിശോധനക്കുള്ള അനുവാദം ലഭിക്കുകയും മാര്‍ച്ച് 12ന് ആദ്യ പരിശോധന ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പൂര്‍ത്തീകരിക്കുകയും ചെയ്തു. 13നാണ് അന്തിമ അംഗീകാരം ലഭിച്ചത്.
ഏകദേശം 50 ഓളം കൊറോണ സാമ്പിള്‍ ടെസ്റ്റുകള്‍ നടത്താനുള്ള പ്രാപ്തിയാണ് ഇപ്പോഴുള്ളത്. ടെസ്റ്റുകള്‍ നാളെ മുതല്‍ ചെയ്തു തുടങ്ങും. ഇതുകൂടാതെ ഈ ലാബില്‍ എച്ച്1 എന്‍1, ഹെപ്പറ്റൈറ്റിസ് വൈറസുകള്‍, മസ്തിഷ്‌ക ജ്വരം ഉണ്ടാകുന്ന വൈറസുകള്‍ മുതലായ വൈറസ് ജന്യ രോഗങ്ങള്‍ കണ്ടത്താനും ഈ ലാബിലൂടെ കഴിയും. ലാബിലേയ്ക്ക് വേണ്ട എല്ലാ ഉപകരണങ്ങളും 10-ാം തീയതി തന്നെ മെഡിക്കല്‍ കോളേജിലേയ്ക്ക് എത്തിയിരുന്നു. കൂടാതെ 13 നു തന്നെ സാമ്പിള്‍സ് ട്രയലുകളും പരിശോധിച്ച് തുടങ്ങിയിരുന്നു.