ഇന്ത്യക്കാര്‍ ഒരു വര്‍ഷം സെക്‌സ് ഒഴിവാക്കണം, ഇന്ത്യയില്‍ എത്തുന്ന വിദേശികള്‍ക്ക് ചാണകക്കുറി തൊട്ട് കൊടുക്കണം, ഗോമൂത്രം കുടിക്കാന്‍ കൊടുക്കണം; കൊവിഡ് വ്യാപനം തടയാന്‍ വിചിത്ര നിര്‍ദേശവുമായി ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി: രാജ്യം കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍, കൊറോണ പടരാതിരിക്കാന്‍ വിചിത്ര നിര്‍ദേശം മുന്നോട്ട് വച്ച് അഖില ഭാരത ഹിന്ദുമഹാസഭ. ഒരു വര്‍ഷം ശാരീരിക ബന്ധത്തില്‍ നിന്നും സ്‌നേഹ പ്രകടനങ്ങളില്‍ വിട്ടുനിന്നാല്‍ കൊറോണ വ്യാപനം തടയാന്‍ കഴിയുമെന്നാണ് ഹിന്ദുമഹാ സഭ പ്രസിഡന്റ് ചക്രപാണി മഹാരാജ് പറയുന്നത്.

‘ഒരു വര്‍ഷം മുഴുവന്‍ ശാരീരിക ബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കണം. പകരം ഓം നമഃശിവായ മന്ത്രം ഉരുവിടുക. ദമ്പതിമാര്‍ മാത്രമല്ല, പ്രായപൂര്‍ത്തിയായവരും നിര്‍ദേശം പാലിക്കണം. ആളുകള്‍ അവരുടെ മതവിശ്വാസമനുസരിച്ചുള്ള മന്ത്രങ്ങള്‍ ജപിക്കണം’-ചക്രപാണി പറഞ്ഞു. ശാരീരിക ബന്ധങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സമയം പഠനത്തിനും സ്വയം തിരിച്ചറിയാനും രാജ്യത്തിന് ഗുണം ലഭിക്കാനും ഉപയോഗിക്കണമെന്നും ചക്രപാണി പറഞ്ഞു.

കൂടാതെ വിമാനത്താവളത്തില്‍ എത്തുന്ന വിദേശികള്‍ക്ക് ചാണക കുറി തൊടുവിക്കുകയും ഗോമൂത്രം കുടിക്കാന്‍ നല്‍കുകയും വേണം. കൊവിഡ് 19 ബാധിച്ച എല്ലാ രാജ്യത്തെയും തലവന്മാര്‍ക്ക് ഗോമൂത്രം അയച്ചുകൊടുക്കാന്‍ പ്രധാനമന്ത്രിയോട് നിര്‍ദേശിച്ചിരുന്നതായും ചക്രപാണി പറഞ്ഞു.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഗോമൂത്ര സത്ക്കാരം നടത്തിയതിന് പിന്നാലെയാണ് പുതിയ നിര്‍ദേശവുമായി ചക്രപാണി രംഗത്ത് വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ ഇന്നലെയായിരുന്നു ഹിന്ദു മഹാസഭ ഗോമൂത്ര സത്ക്കാരം സംഘടിപ്പിച്ചത്.

Exit mobile version