എടപ്പാള്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മടിയര്‍ എന്ന ജങ്ങളുടെ പല്ലവി തിരുത്തി കുറിച്ച് സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാര്‍. ഓഫീസ് സമയം കഴിഞ്ഞും രാവും പകലുമില്ലാതെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ച് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ് ഇവര്‍. റവന്യു സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്ലൈനാക്കാനാരംഭിച്ച ഇ -ഡിസ്ട്രിക്റ്റ് പദ്ധതിവഴി അനുവദിച്ച നാലു കോടി സര്‍ട്ടിഫിക്കറ്റുകളില്‍ 60-ലക്ഷവും നല്‍കിയത് ഓഫീസ് സമയത്തിനു ശേഷമെന്ന് രേഖകള്‍.
വരുമാനം, ജാതി, പൗരത്വം, കൈവശാവകാശം, വണ്‍ ആന്‍ഡ് സെയിം തുടങ്ങി 24-ഇനം സര്‍ട്ടിഫിക്കറ്റുകളാണ് വില്ലേജ് ഓഫീസുകള്‍ വഴി സാധാരണക്കാര്‍ക്ക് നല്‍കുന്നത്. 2010-മുതലാണ് ഇവയെല്ലാം ഓണ്‍ലൈനാക്കിയത്. ജനസേവനകേന്ദ്രങ്ങളിലൂടെ നല്കുന്ന അപേക്ഷകള്‍ വില്ലേജ് ഓഫീസര്‍മാര്‍ പരിശോധിച്ച് അംഗീകരിച്ച് തിരിച്ചയക്കുകയാണ് ചെയ്യുന്നത്. അപേക്ഷകന്റെ മൊബൈല്‍ ഫോണിലെത്തുന്ന സന്ദേശപ്രകാരം കമ്പ്യൂട്ടറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പദ്ധതി ആരംഭിച്ച ശേഷമിതുവരെ നല്കിയ സര്‍ട്ടിഫിക്കറ്റുകളുടെ 14.6 ശതമാനം നല്‍കിയിരിക്കുന്നത് ഓഫീസ് സമയം തുടങ്ങുന്നതിനു മുന്‍പും കഴിഞ്ഞതിനു ശേഷവുമാണെന്നാണ് കണക്കുകള്‍ പറയുന്നത്.
പുലര്‍ച്ചെ മൂന്നിനും നാലിനും ഇരുന്ന് ഉറക്കമൊഴിച്ച് പ്രവര്‍ത്തിച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നത്. ഇതോടെ ചെയ്യുന്ന ജോലിയിലെ ആത്മാര്‍ത്ഥതയുടെ മുഖമാണ് തെളിയുന്നത്. 60-ലക്ഷത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതിനുപുറമെ ഓണ്‍ലൈന്‍ പോക്കുവരവടക്കമുള്ളവ വേറെയുമുണ്ട്. അപേക്ഷകന് ഓഫീസിലെത്തുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചില്ലെങ്കില്‍ വില്ലേജ് ഓഫീസറുമായി പ്രശ്നമുണ്ടാക്കും.
ഇതില്ലാതാക്കാനാണ് ഓഫീസ് സമയമല്ലാതിരുന്നിട്ടും ഓഫീസര്‍മാര്‍ ജോലിചെയ്യുന്നത്. ഒരു സര്‍ട്ടിഫിക്കറ്റിന് മൂന്നു മിനിറ്റ് മറ്റു പ്രശ്നങ്ങളില്ലെങ്കില്‍ ഒരു സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ ശരാശരി മൂന്നു മിനിറ്റ് സമയം വേണ്ടിവരുമെന്നാണ് വില്ലേജ് ഓഫീസര്‍മാര്‍ പറയുന്നത്. അപ്പോള്‍ 60-ലക്ഷത്തിന് 18-കോടി മിനിറ്റ്. 50,000-ത്തോളം പ്രവൃത്തി ദിവസങ്ങള്‍ വരുമിത്. 137 ജീവനക്കാര്‍ ചെയ്യുന്ന ജോലിയാണ് ഇതിലൂടെ സര്‍ക്കാരിന് നേട്ടം. സാധാരണക്കാരെ സംബന്ധിച്ച് ഇ -ഡിസ്ട്രിക്റ്റ് ഗുണകരമായി.
Discussion about this post