കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രത നിലനില്‍ക്കുന്നുണ്ടെങ്കിലും നാളെ (മാര്‍ച്ച് 16ന്) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല അറിയിച്ചു. പരീക്ഷാകേന്ദ്രങ്ങളില്‍ ആവശ്യമായ ആരോഗ്യ ക്രമീകരണങ്ങള്‍ നടത്തണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസറില്‍ നിന്ന് ആവശ്യമായ നിര്‍ദേശം സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം.
അതിനിടെ സംസ്ഥാനത്ത് കൂടുതല്‍ ആളുകളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ കൊറോണയെ പകര്‍ച്ചവ്യാധി പട്ടികയില്‍ ഉള്‍പ്പെടുത്തി. പകര്‍ച്ച വ്യാധി പട്ടികയില്‍പ്പെടുത്തിയതോടെ രോഗികളെ കസ്റ്റഡിയിലെടുക്കാനും രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനും സാധിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്ര കടുത്ത നടപടികളും സ്വീകരിക്കാം. തടയുന്നവര്‍ക്കെതിരെ ഒരു മാസം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റം വരെ ചുമത്താം.
രോഗാണു സാന്നിധ്യമുള്ള താത്കാലിക കെട്ടിടങ്ങള്‍ പൊളിക്കാം. രോഗ ബാധിതര്‍ പൊതുജനങ്ങളുമായി ഇടപഴകുന്നതും പൊതു സ്ഥലങ്ങളില്‍ എത്തുന്നതും തടയാനും വ്യവസ്ഥയുണ്ട്. 50 പേരിലേറെ കൂട്ടം കൂടി നില്‍ക്കുന്നത് കര്‍ശനമായി നിരോധിക്കാം.കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ചെക്‌പോസ്റ്റുകളില്‍ പരിശോധന ആരംഭിച്ചു. ബസുകള്‍ അടക്കം എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. വാഹനങ്ങളിലെത്തുന്ന യാത്രക്കാര്‍ക്ക് പനിയുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അതോടൊപ്പം യാത്രക്കാരുടെ വിവരങ്ങളും രേഖപ്പെടുത്തിയ ശേഷമാണ് പോകാന്‍ അനുവദിക്കുന്നത്.