മൂന്നാര്‍: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച യുകെ പൗരന്‍ ഉള്‍പ്പെടെയുള്ള സംഘം താമസിച്ച മൂന്നാറിലെ കെടിഡിസിയുടെ ടീ കൗണ്ടി ഹോട്ടല്‍ അടച്ചു. മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ കടുത്ത ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
യുകെ പൗരനും സംഘവും മാര്‍ച്ച് ഏഴിനാണ് മൂന്നാറില്‍ എത്തിയത്. പത്താം തീയ്യതി രാവിലെ പനി യെ തുടര്‍ന്ന് ഇയാള്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതേതുടര്‍ന്ന് ഡോക്ടര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് 11 ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പരിശോധനക്കായി കൊണ്ടുപോയിരുന്നു. ആദ്യത്തെ ഫലം നെഗറ്റീവ് ആയതിനെതുടര്‍ന്ന് ഇയാളെ 12 ന് തിരിച്ച് ഹോട്ടലില്‍ തന്നെ നീരീക്ഷത്തില്‍ വെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതിനിടയിലാണ് ഇയാള്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് നെടുമ്പാശ്ശേരി വഴി ദുബായിയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇയാള്‍ വിമാനത്തില്‍ കയറിയതിനെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 270 പേരെ നിരീക്ഷണത്തിനായി തിരിച്ചിറക്കേണ്ടി വരികയും ചെയ്തു. നിലവില്‍ രോഗം സ്ഥിരീകരിച്ച ഇയാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.