നെടുമ്പാശേരി വിമാനത്താവളം അടക്കേണ്ട സാഹചര്യമില്ല; ആരോഗ്യമന്ത്രി കെകെ ശൈലജ

കൊച്ചി: കൊറോണ രോഗബാധിതനായ ബ്രിട്ടീഷ് പൗരന്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നെടുമ്പാശേരി വിമാനത്താവളം അടക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വരുന്നവരെ നിരീക്ഷക്കാന്‍ എല്ലാ സജീകരണവും ചെയ്തിട്ടുണ്ടെന്നും. വിദേശികളെ ശത്രുക്കളായി കാണേണ്ട കാര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊറോണ രോഗബാധിതനായ ബ്രിട്ടീഷ് പൗരന്‍ ദുബായ് എമിറേറ്റ്‌സ് വിമാനം വഴി ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. വിമാനത്താവളത്തിലെ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കി ഇയാള്‍ ചെക്ക് ഇന്‍ ചെയ്ത് വിമാനത്തില്‍ കയറിയപ്പോഴാണ് ബ്രിട്ടീഷ് പൗരന്‍ കൊവിഡ് ബാധിതനാണെന്ന വിവരം അറിയുന്നത്.

തുടര്‍ന്ന് വിദേശിസംഘത്തെയും വിമാനത്തില്‍ കയറിയിരുന്ന 270 യാത്രക്കാരെയും വിമാനത്തിന് പുറത്തിറക്കി. ബ്രിട്ടീഷ് പൗരനൊപ്പം 18 അംഗ സംഘമാണ് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചത്. അതെസമയം ഇയാളെയും ഭാര്യയേയും കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

ഇറ്റലി-ദോഹ-കൊളംബോ വഴി മാര്‍ച്ച് രണ്ടിനാണ് ബ്രിട്ടീഷ് സ്വദേശിയും സംഘവും സംസ്ഥാനത്തെത്തിയത്. ഏഴാം തീയതി ഇയാളും സംഘവും മൂന്നാര്‍ ടീ കൗണ്ടിയിലെത്തി. പത്താംതീയതി മുതല്‍ ഇയാള്‍ ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് മൂന്നാര്‍ പോലീസ് പറഞ്ഞു. ആദ്യ ടെസ്റ്റ് കൊവിഡ് നെഗിറ്റീവ് ആയിരുന്നെങ്കിലും രണ്ടാം ടെസ്റ്റ് ഫലം വരെ പുറത്തുപോകരുതെന്നായിരുന്നു നിര്‍ദേശം നല്‍കിയത്.

രണ്ടാം ടെസ്റ്റിലാണ് ബ്രിട്ടീഷ് പൗരന്‍ കൊവിഡ് പോസ്റ്റീവ് ആണെന്ന് തെളിഞ്ഞത്. ഇതിനിടെയാണ് പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിരീക്ഷണത്തില്‍ നിന്നും പുറത്തുചാടി ഇയാള്‍ നെടുമ്പാശ്ശേരി വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version