തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ വിനോദയാത്ര നടത്തി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയിലേക്കാണ് ഗവര്‍ണറുടെയും സംഘത്തിന്റെയും യാത്ര. ഡോക്ടറും പോലീസുകാരും അടക്കം നാല്‍പ്പതംഗ സംഘത്തിന്റെ അകമ്പടിയോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിനോദയാത്രയെന്നാണ് വിവരം.
സംസ്ഥാനത്ത് കൊവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊന്‍മുടി അടക്കം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അടച്ചിരുന്നു. ഈ വിലക്കുകള്‍ ഒന്നും ബാധകമാക്കാതെയാണ് ഗവര്‍ണറുടെ വിനോദയാത്ര. മൂന്ന് ദിവസത്തേക്കാണ് ഗവര്‍ണറും സംഘവും പൊന്‍മുടിയിലുണ്ടാകുകയെന്നാണ് വിവരം. കെടിഡിസിയിലും പൊന്‍മുടി ഗസ്റ്റ് ഹൗസിലും ആയാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ തുടരണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. രോഗം തടയുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നടങ്കം, പോലീസ് അടക്കം, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍
കഠിന പ്രയത്‌നം നടത്തുന്നതിന് ഇടയിലാണ് വന്‍ പടയുമായി ഗവര്‍ണറുടെ ഉല്ലാസ യാത്ര എന്നതാണ് ശ്രദ്ധേയം.
കേരളത്തെ ഭീതിയിലാഴ്ത്തി മഹാമാരിയെ പിടിച്ചു കെട്ടാന്‍ സര്‍ക്കാരിനോപ്പം കേരള ജനത ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുന്നതിന് ഇടയിലാണ് ഗവര്‍ണറുടെ ഉല്ലായ യാത്ര. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.