കൊച്ചി: കൊറോണ രോഗബാധിതനായ ബ്രിട്ടീഷ് പൗരന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടേക്കും. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിമാനത്താവളം തല്ക്കാലമായി അടച്ചിടുമെന്നാണ് സൂചന. അതെസമയം അടച്ചിടുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
കൊറോണ രോഗബാധിതനായ ബ്രിട്ടീഷ് പൗരന് ദുബായ് എമിറേറ്റ്സ് വിമാനം വഴി ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. വിമാനത്താവളത്തിലെ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കി ഇയാള്‍ ചെക്ക് ഇന്‍ ചെയ്ത് വിമാനത്തില്‍ കയറിയപ്പോഴാണ് ബ്രിട്ടീഷ് പൗരന് കൊവിഡ് ബാധിതനാണെന്ന വിവരം അറിയുന്നത്.
തുടര്‍ന്ന് വിദേശിസംഘത്തെയും വിമാനത്തില്‍ കയറിയിരുന്ന 270 യാത്രക്കാരെയും വിമാനത്തിന് പുറത്തിറക്കി. ബ്രിട്ടീഷ് പൗരനൊപ്പം 18 അംഗ സംഘമാണ് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചത്. കൊറോണ ബാധിതനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസോലേഷനിലേക്ക് മാറ്റുമെന്നാണ് സൂചന. വിമാനയാത്രക്കാരെ പരിശോധനയ്ക്കും നിരീക്ഷണത്തിലുമാക്കും.
ഇറ്റലി-ദോഹ-കൊളംബോ വഴി മാര്‍ച്ച് രണ്ടിനാണ് ബ്രിട്ടീഷ് സ്വദേശിയും സംഘവും സംസ്ഥാനത്തെത്തിയത്. ഏഴാം തീയതി ഇയാളും സംഘവും മൂന്നാര്‍ ടീ കൗണ്ടിയിലെത്തി. പത്താംതീയതി മുതല്‍ ഇയാള്‍ ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് മൂന്നാര്‍ പോലീസ് പറഞ്ഞു. ആദ്യ ടെസ്റ്റ് കൊവിഡ് നെഗിറ്റീവ് ആയിരുന്നെങ്കിലും രണ്ടാം ടെസ്റ്റ് ഫലം വരെ പുറത്തുപോകരുതെന്നായിരുന്നു നിര്‍ദേശം നല്‍കിയത്.
രണ്ടാം ടെസ്റ്റിലാണ് ബ്രിട്ടീഷ് പൗരന് കൊവിഡ് പോസ്റ്റീവ് ആണെന്ന് തെളിഞ്ഞത്. ഇതിനിടെയാണ് പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിരീക്ഷണത്തില്‍ നിന്നും പുറത്തുചാടി ഇയാള്‍ നെടുമ്പാശ്ശേരി വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post