കിഴക്കമ്പലം: ഫുട്‌ബോള്‍ മത്സരത്തിനിടെ നെഞ്ചുകൊണ്ട് പന്ത് തടുത്ത 19കാരന്‍ മരിച്ചു. എടത്തല പുനത്തില്‍ ഇമ്മാനുവലിന്റെ മകന്‍ ഡിഫിന്‍ (19) മരിച്ചത്. പിണര്‍മുണ്ട സോക്കര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെള്ളിയാഴ്ച രാത്രി 9-നാണ് സംഭവം.
കളിക്കിടെ നെഞ്ചില്‍ പന്ത് തട്ടിയ ഉടനെ ഡിഫിന് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടര്‍ന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ഉടന്‍ പഴങ്ങനാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്പലമേട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ശവസംസ്‌കാരം നടത്തി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സീനയാണ് ഡിഫിന്റെ അമ്മ. സഹോദരി: സിന്‍സി.