കൊവിഡ് 19; സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ആരംഭിച്ചു

കല്‍പ്പറ്റ: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന ആരംഭിച്ചു. അന്യ സംസ്ഥാനത്തുനിന്ന് വരുന്ന ബസുകള്‍ അടക്കം എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് പനിയുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം അവരുടെ വിവരങ്ങളും രേഖപ്പെടുത്തിയതിന് ശേഷമാണ് പോകാന്‍ അനുവദിക്കുന്നത്.

വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍, കുടുതല്‍ യാത്ര ചെയ്യുന്നവര്‍ എന്നിവരോട് ആരോഗ്യവകുപ്പിനെ ബന്ധപ്പെടാനും ആവശ്യപ്പെടുന്നുണ്ട്. ശരീരോഷ്മാവ് അളക്കുന്ന തെര്‍മല്‍ സ്‌കാനര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് യാത്രക്കാരെ നിരീക്ഷിക്കുകയും ബോധവത്കരണം നല്‍കുകയും ചെയ്യുന്നുണ്ട്.

ആവശ്യമെങ്കില്‍ പ്രധാന ചെക്പോസ്റ്റുകളില്‍ ബിപി അപ്പാരറ്റസ്, ആംബുലന്‍സ് എന്നിവ സജ്ജമാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന് പുറമെ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മുത്തങ്ങയ്ക്ക് സമീപം മൂലഹള്ളയില്‍ കര്‍ണാടക ആരോഗ്യവകുപ്പിന്റെ പരിശോധനയും നടക്കുന്നുണ്ട്.

Exit mobile version