തിരുവനന്തപുരം: ഇന്നലെ പുതിയ കൊവിഡ് 19 കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് കേരളത്തിന് ആശ്വാസം പകരുന്നു. എന്നാല്‍ രോഗം നിയന്ത്രണവിധേയമായെന്ന് പറയാനായിട്ടില്ല. കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
ഇന്ന് മുതല്‍ റെയില്‍വെ സ്റ്റേഷനുകളിലും റോഡുകളിലുമെല്ലാം പരിശോധനകള്‍ ആരംഭിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് 19 വ്യാപകമായ പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങളിലെ സ്‌ക്രീനിംഗിനൊപ്പം റെയില്‍വെ സ്റ്റേഷനുകളിലും റോഡുകളിലുമെല്ലാം പരിശോധന ശക്തമാക്കുന്നത്.
അതിര്‍ത്തി കടന്നെത്തുന്ന ട്രെയിനുകളും വാഹനങ്ങളും പരിശോധിക്കും. ട്രെയിന്‍ സംസ്ഥാനത്ത് ആദ്യമെത്തുന്ന സ്റ്റേഷനിലാകും പരിശോധന. അതത് പ്രദേശത്തെ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍, ഒരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍, ഒരു ഹെല്‍ത്ത് വോളന്റിയര്‍ എന്നിവരടങ്ങുന്ന ടീമാണ് പരിശോധന നടത്തുക.
ഇവര്‍ ഒരു ട്രെയിനിലെ രണ്ടു ബോഗികള്‍ വീതം പരിശോധിക്കും. കൂടാതെ വിമാനത്താവളത്തിനടുത്ത് കൊറോണ കെയര്‍ സെന്റര്‍ സ്ഥാപിക്കും. ഇന്നലെ മാത്രം 106 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ മാറ്റിയത്. നിലവില്‍ 7677 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 7375 പേര് വീടുകളിലും 302 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.