തൊടുപുഴ: കോവിഡ് 19 രോഗബാധയെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന തൊടുപുഴ സ്വദേശി ലിനോ ആബേലിന്റൈ ത്യാഗത്തിന് നന്ദിയും അഭിനന്ദനവും അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലിനോ ആബേൽ കേരളത്തിലെ ജനങ്ങൾക്കായി ചെയ്ത ത്യാഗത്തെ അഭിനന്ദിക്കുന്നതായി അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചു. ലിനോയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഗവർണർ അറിയിച്ചു.
‘കൊറോണ സംശയത്തെ തുടർന്ന് ഐസൊലേഷൻ വാർഡിൽ കഴിയേണ്ടിവന്നതിനാൽ ലിനോ അബേലിന് അച്ഛന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് അറിഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. കേരളത്തിലെ ജനങ്ങൾക്കായി അദ്ദേഹം ചെയ്ത ത്യാഗത്തെ അഭിനന്ദിക്കുന്നു- ഗവർണർ ട്വീറ്റ് ചെയ്തു.
ഉറക്കത്തിനിടെ കട്ടിലിൽ നിന്നു വീണ് പരിക്കേറ്റാണ് ലിനോയുടെ പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായത്. കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അച്ഛനെ കാണാൻ എട്ടാം തീയതിയാണ് ഖത്തറിൽ നിന്ന് ലിനോ ആബേൽ നാട്ടിൽ എത്തിയത്. എന്നാൽ, കൊറോണയ്‌ക്കെതിരെ ജാഗ്രത ശക്തമായ പശ്ചാത്തലത്തിൽ കൊവിഡ് 19 സംശയത്തെ തുടർന്ന് അച്ഛൻ ചികിത്സയിൽ കഴിഞ്ഞ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ ലിനോ സ്വമേധയാ റിപ്പോർട്ട് ചെയ്ത് ഐസോലേഷനിൽ പ്രവേശിക്കുകയായിരുന്നു. ഇതിനിടെ അച്ഛനായ ആബേലിന്റെ നില ഗുരുതരമായി ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. അച്ഛൻ മരിച്ച ശേഷം കാണാൻ സാധിക്കുമോ എന്ന് ലിനോ അന്വേഷിച്ചെങ്കിലും ഈ സാഹചര്യത്തിൽ സാധിക്കില്ലെന്നായിരുന്നു അധികൃതരുടെ മറുപടി.
ഇതോടെ വീഡിയോ കോളിലൂടെ അച്ഛന്റെ മരണാനന്തര ചടങ്ങിൽ ലിനോയ്ക്ക് പങ്കെടുക്കേണ്ടി വരികയായിരുന്നു. തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും അവസാനമായി ഒന്നു കാണാൻ പോലും കഴിയാത്തതിന്റെ വേദന പങ്കുവെച്ച് ലിനോ ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായിരുന്നു. ഐസൊലേഷൻ വാർഡിന്റെ ജനാലയിലൂടെ അവസാനമായി അച്ഛനെ കണ്ടതും വീഡിയോ കോളിലൂടെ മരണാനന്തര ചടങ്ങുകൾക്ക് സാക്ഷിയാകേണ്ടി വന്നതും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഒടുവിൽ എല്ലാ കണ്ണീരുകൾക്കും അപ്പുറം ലിനോയ്ക്ക് കൊറോണ ഇല്ലെന്ന് ഇന്ന് സ്ഥിരീകരിച്ച് പരിശോധനാ ഫലം വന്നത് എല്ലാവർക്കും ആശ്വാസം പകർന്നിരിക്കുകയാണ്.