തിരുവനന്തപുരം: ജില്ലയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങൾ പുറത്തിറങ്ങുന്നത് നിയന്ത്രിക്കണമെന്നും ഷോപ്പിങ് മാളുകൾ അടയ്ക്കണമെന്നും നിർദേശിച്ച ജില്ലാ കളക്ടറെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഷോപ്പിങ് മാളുകൾ അടയ്ക്കണമെന്ന നിലപാട് സർക്കാരിനില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി. മാളുകൾ അടയ്ക്കണമെന്ന് തിരുവനന്തപുരം കളക്ടർ പറഞ്ഞത് തെറ്റിദ്ധാരണ മൂലമാണ്. വീടുകളിൽ നിന്ന് പുറത്തിറങ്ങേണ്ടെന്നും പറയുന്നില്ല, കൂട്ടംകൂടൽ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ച ഇറ്റലിക്കാരനുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയാറാക്കാൻ സാധിക്കാതെ വന്നതോടെയാണ് തിരുവനന്തപുരം ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യത്തിന് മാത്രമേ ആളുകൾ പുറത്തിറങ്ങാവൂവെന്നും ആളുകൾ കൂടുന്ന ഷോപ്പിങ് മാളുകൾ ബീച്ചുകൾ എന്നിവ അടയ്ക്കാനും കളക്ടർ അവലോകന യോഗത്തിനുശേഷം നിർദേശിച്ചിരുന്നു. ഇറ്റലിക്കാരനുമായി സമ്പർക്കമുണ്ടായവരുടെ പട്ടിക തയ്യാറാക്കാൻ ഇനിയും സമയമെടുക്കുമെന്നും വീടുകളിൽ നിരീക്ഷണത്തിലുള്ളവർ മാർഗനിർദേശങ്ങൾ ലംഘിക്കുന്നുവെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
കോവിഡ് 19 നെതിരെയുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായതായും മുഖ്യമന്ത്രി പറഞ്ഞു. ബോധവൽക്കരണ പരിപാടി ബ്ലോക്ക്, വാർഡ് തലത്തിൽ സംഘടിപ്പിക്കും. വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് എസ്പിയുടെ നേതൃത്വത്തിൽ വ്യത്യസ്ത ടീമുകളെ നിയോഗിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ട്രെയിനുകളിലും പരിശോധന ആരംഭിച്ചു.
Discussion about this post