തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തിന്റെ അതിര്‍ത്തി കടന്നു വരുന്ന ട്രെയിനുകളിലെ യാത്രക്കാരെ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി അതിര്‍ത്തിയോടു ചേര്‍ന്നുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിലെത്തുന്ന ആദ്യ സ്റ്റേഷനിലായിരിക്കും പരിശോധനകള്‍ നടക്കുക. റെയില്‍വേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ഡിവൈഎസ്പിമാരുടെ നേതൃത്തിലായിരിക്കും പരിശോധന സംഘങ്ങള്‍ പ്രവര്‍ത്തിക്കുക. ഒരു സംഘം രണ്ടു ബോഗി എന്ന നിലയിലായിരിക്കും പരിശോധന നടത്തുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ തന്നെ പരിശോധന തുടങ്ങാനാണ് തീരുമാനം. വിമാനത്താവളങ്ങളില്‍ എത്തുന്ന അസുഖബാധിതരെ വിമാനത്താവളത്തിന് സമീപം തന്നെ പാര്‍പ്പിക്കാന്‍ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതെസമയം സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൊറോണ ലക്ഷണങ്ങളോടെ 106 പേരാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7607 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളത്. 302 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.