നാലല്ല നാല്‍പ്പത് പത്രസമ്മേളനം നടത്തിക്കോളൂ, പക്ഷേ അതില്‍ മെഡിക്കല്‍ സയന്‍സിനേക്കുറിച്ച് പറയേണ്ട; ആരോഗ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. നാലല്ല നാല്‍പ്പത് പത്രസമ്മേളനം വച്ച് നടത്തിക്കോളൂ, പക്ഷേ അതില്‍ പറയുന്നത് സര്‍ക്കാരിന്റെയും വകുപ്പിന്റേയും കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളേക്കുറിച്ചായി പരിമിതപ്പെടുത്തുന്നതായിരിക്കും ഭംഗിയെന്ന് വിടി ബല്‍റാം പറഞ്ഞു.

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനിടെ ആരോഗ്യമന്ത്രി ഹോമിയോ ആയൂര്‍വ്വേദ മരുന്നുകളുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ടാണ് വിടി ബല്‍റാം രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എ ആരോഗ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്.

സ്വന്തം സ്ഥാനത്തിന്റെ ആധികാരികതയും ഈയിടെയായി ലഭിച്ച അധിക സ്വീകാര്യതയും ഉപയോഗിച്ച് ഇതുപോലൊരു അവസരത്തില്‍ അശാസ്ത്രീയമായ, അപകടകരമായ കപട വിജ്ഞാനം വിളമ്പലില്‍ നിന്ന് ആരോഗ്യ മന്ത്രി ദയവായി വിട്ടു നില്‍ക്കണമെന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം ഒരു ആരോഗ്യപ്രവര്‍ത്തകന്റെ കുറിപ്പും എംഎല്‍എ പങ്കുവെച്ചു.

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആരോഗ്യ മന്ത്രിയുടെ തുടര്‍ച്ചയായ പത്രസമ്മേളനങ്ങള്‍ക്കുള്ള ന്യായീകരണമായി പലരും പറഞ്ഞിരുന്നത് ഏറ്റവും ആധികാരികമായ വിവരങ്ങള്‍ ലഭിക്കുന്ന ഒരു സോഴ്‌സ് എന്ന നിലയില്‍ അതിന് ഏറെ പ്രാധാന്യമുണ്ട് എന്നതായിരുന്നു. എന്നാല്‍ സ്വന്തം സ്ഥാനത്തിന്റെ ആധികാരികതയും ഈയിടെയായി ലഭിച്ച അധിക സ്വീകാര്യതയും ഉപയോഗിച്ച് ഇതുപോലൊരു അവസരത്തില്‍ അശാസ്ത്രീയമായ, അപകടകരമായ കപട വിജ്ഞാനം വിളമ്പലില്‍ നിന്ന് ആരോഗ്യ മന്ത്രി ദയവായി വിട്ടു നില്‍ക്കണം.

നാലല്ല നാല്‍പ്പത് പത്രസമ്മേളനം വച്ച് നടത്തിക്കോളൂ, പക്ഷേ അതില്‍ പറയുന്നത് സര്‍ക്കാരിന്റെയും വകുപ്പിന്റേയും ഇക്കാര്യത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളേക്കുറിച്ചായി പരിമിതപ്പെടുത്തുന്നതായിരിക്കും ഭംഗി. മെഡിക്കല്‍ സയന്‍സിനേക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ ആ മേഖലയില്‍ വൈദഗ്ധ്യമുള്ളവരും ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജന്‌സികളും തന്നെ പറയുന്നതാണ് ഉചിതം.
**************
ആരോഗ്യ പ്രവര്‍ത്തകനും ഇന്‍ഫോ ക്ലിനിക് അംഗവുമായ ഡോ. ചലഹീി െഖീലെുവ എഴുതുന്നു:
‘ ഹോമിയോ, ആയുര്വേദം നല്ല പ്രതിരോധശേഷിയുള്ള ധാരാളം മെഡിസിന് അതിലുണ്ട്..
പക്ഷേ ഒരു മുന്‍ കരുതല്‍ എന്ന നിലയില്‍ നമ്മള്‍ എല്ലാവരും, ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റ് അടക്കം ചേര്‍ന്ന് തീരുമാനിച്ചത്, നമ്മുടെ പോസിറ്റീവ് ആയിട്ടുള്ള, കൊറോണ കേസ്, അതുപോലെ തന്നെ കോണ്ടാക്റ്റ് ഉള്ള ആളുകളെ ഐസൊലേറ്റ് ചെയ്തിട്ടുള്ളത്..
അതിന് ഇപ്പൊ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഈ മരുന്ന് അവര്‍ക്ക് കൊണ്ടുപോയി കൊടുക്കേണ്ട..അതിന് ഇവര്‍ക്ക് അവിടെ പോവാനൊക്കെ ബുദ്ധിമുട്ടാണ്.. മരുന്ന് കൊടുക്കാനൊക്കെ.
ബാക്കിയുള്ള ചുറ്റുവട്ടത്തുള്ള അയലോക്കത്തുള്ള ആളുകളൊക്കെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചാല്‍ നമുക്ക് ഗുണമാണ്. പ്രതിരോധശേഷിയുള്ള ആളുകള്‍ക്ക് വൈറസ് ബാധിച്ചാല്‍ത്തന്നെ വേഗം സുഖമാകും. അതുകൊണ്ട് ഹോമിയോ ആയുര്‍വ്വേദ മരുന്നുകള്‍ ജനങ്ങള്‍ ഉപയോഗിക്കണം.
കോണ്ടാക്റ്റ് കേസസും മറ്റ് പോസിറ്റീവ് കേസസും ഒന്നും ഇപ്പൊ നമ്മള്‍ മറ്റ് ഒരു മരുന്നും കൊടുക്കുന്നില്ല. അലോപ്പതിയിലും കാര്യമായ മരുന്നൊന്നുമില്ല. വിശ്രമിക്കുക, സിംപ്റ്റംസിനെ ചികില്‍സിക്കുക എന്നേ ഉള്ളൂ ‘
ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പത്രസമ്മേളനത്തില്‍ ഇന്ന് പറഞ്ഞതാണ്.
ലോകാരോഗ്യസംഘടനയുടെ സിറ്റുവേഷന്‍ റിപ്പോര്‍ട്ട് 52 മാര്‍ച്ച് 12ന് വന്നിരുന്നു. അതനുസരിച്ച് ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 4500ല്‍ അധികമാളുകള്‍ മരണമടഞ്ഞിട്ടുണ്ട്..വിക്കിപ്പീഡീയ അനുസരിച്ച് ഇത് 1.4 ലക്ഷവും 5123ഉം ആണ്. അതിനപ്പുറത്ത് ചെറിയൊരു കണക്ക് കൂടിയുണ്ട്. 70,733 പേര് രോഗവിമുക്തി നേടിയെന്നത്.
ആരോഗ്യമന്ത്രി കുറച്ച് കാര്യങ്ങള്‍ക്ക് മറുപടി പറയണം.
പ്രതിരോധശേഷി തരുന്ന ഏത് മരുന്നുകളെക്കുറിച്ചാണ് ആരോഗ്യമന്ത്രി പറഞ്ഞത്? അത് കഴിച്ചാല്‍ പ്രതിരോധശേഷി വര്‍ദ്ധിക്കുമെന്നതിന് എന്ത് ശാസ്ത്രീയ തെളിവാണ് നല്‍കാനുള്ളത്?
അതുകൊണ്ട് തീരുന്നില്ല…ആ പ്രതിരോധശക്തി വര്‍ദ്ധിക്കുന്നതുകൊണ്ട് വൈറസ് ബാധയേറ്റാല്‍ വേഗം സുഖമാവും എന്ന് പറഞ്ഞതിനുള്ള അടിസ്ഥാനം കൂടി വ്യക്തമാക്കണം.
ചൈന ലോകത്തെ ഏറ്റവും വലിയ ക്വാറന്റൈനുകളിലൊന്നാണ് ചെയ്തത് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇറ്റലി രാജ്യത്ത് മുഴുവനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വാര്‍ത്തകളുണ്ടായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് മറ്റ് രാജ്യങ്ങളില്‍ നിന്ന് പൗരന്മാര്‍ വരുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തി…
എന്തിനേറെപ്പറയുന്നു, ഇറ്റലിയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇങ്ങോട്ടേക്ക് വരാനുള്ള പ്രയാസമെന്താണ്.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഹോമിയോ മരുന്നുണ്ടെങ്കില്‍, അങ്ങനെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചവര്‍ക്ക് രോഗം വന്ന് വേഗം സുഖമാവുന്നെങ്കില്‍ അത് വെളിപ്പെടുത്തണം…
ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാവുമല്ലോ.
ഇനി, അങ്ങനെയൊരു പരിഹാരമുണ്ടെങ്കില്‍ ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും അക്ഷീണ പരിശ്രമം നടത്തുന്നത് എന്തിനാണ്?
അലോപ്പതി എന്ന വാക്ക് കൊണ്ട് ഉദ്ദേശിച്ചത് ആധുനിക വൈദ്യശാസ്ത്രത്തെയാണെങ്കില്‍ കൊറോണയ്‌ക്കെതിരെ സ്‌പെസിഫിക് ആന്റി വൈറല്‍ മരുന്ന് കണ്ടെത്തിയിട്ടില്ല.
covid 19 തന്നെ ലോകാരോഗ്യസംഘടനയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. വൈറസിനെ വേര്‍തിരിച്ചെടുത്തതും പഠിച്ചതുമൊക്കെ അതിനടുത്ത് സമയം തന്നെ…അതുകൊണ്ട് വാക്‌സിനും ഡെവലപ് ചെയ്തിട്ടില്ല.. ഒരുപക്ഷേ ഇനിയും സമയമെടുത്തേക്കാം..
പക്ഷേ ആ രോഗവിമുക്തി നേടിയ അത്രയും ആളുകളെ ഏത് വൈദ്യശാസ്ത്രമാണ് ചികില്‍സിച്ചതെന്ന് ആരോഗ്യമന്ത്രി പൊതുജനത്തോട് പറയണം. ആ വിദഗ്ധ ചികില്‍സ നല്കിയില്ലായിരുന്നെങ്കില്‍ മരണസംഖ്യ ഉയരുമായിരുന്നുവോയെന്ന് പറയണം.
ഇന്ന് പറയുന്ന കൈ കഴുകലും ഐസൊലേഷനും അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ വെറുതെ പറയുന്നതല്ല. വൈറസ് എങ്ങനെയാണ് പടരുന്നതെന്ന് അറിഞ്ഞ് പഠിച്ചുള്ള കൃത്യമായ പ്രതിരോധമാര്‍ഗങ്ങളാണ്…
അതുകൊണ്ട് ജനത്തിനോട് പറയുന്നത് എന്തായാലും പറയുന്നത് പറയുന്നതാരായാലും അതിനു ശാസ്ത്രീയമായ അടിത്തറ ഉണ്ടായിരുന്നേ പറ്റൂ..
ആരോഗ്യമന്ത്രിയായാലും. . .

Exit mobile version