തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞ ഹരിയാന സ്വദേശിയെ കണ്ടെത്തി. തമ്പാനൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ജര്‍മ്മനിയില്‍ നിന്നും വന്ന ഇയാളെ ഇന്ന് ഉച്ചക്കാണ് കൊാവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കന്യാകുമാരിക്ക് പോകുന്നതിന് വേണ്ടിയാണ് ഹരിയാന സ്വദേശിയും സഹോദരനും തിരുവനന്തപുരത്ത് എത്തിയത് എന്നാണ് വിവരം. റയില്‍വേ സ്‌റ്റേഷനില്‍ വച്ച് നടത്തിയ പരിശോധനയില്‍ രോഗ സംശയം ഉണ്ടായതോടെ ഇരുവരെയും ഉച്ചയോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ നിന്ന് ഒപി ടിക്കറ്റ് എടുത്ത് കൂടുതല്‍ പരിശോധനകളക്കായി മറ്റൊരു കെട്ടിടത്തിലേക്ക് പോകുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന അറ്റന്‍ഡറെ കബളിപ്പിച്ച് ഇയാള്‍ കടന്നുകളഞ്ഞത്. ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സൈബര്‍ സെലാണ് ഇയാള്‍ ഉള്ള ഹോട്ടല്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ആലപ്പുഴയിലും സമാന സംഭവം ഉണ്ടായിരുന്നു. കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വിദേശ ദമ്പതികള്‍ ചാടിപ്പോയിരുന്നു. പിന്നീട് ഇവരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് കണ്ടെത്തിയത്. ഇവര് ഇപ്പോള്‍ ആലുവ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.