മലപ്പുറം: പക്ഷിപ്പനി കണ്ടത്തിയ പരപ്പനങ്ങാടി പാലതിങ്ങലില്‍ വളര്‍ത്തു പക്ഷികളെ പിടികൂടി കൊല്ലാനുള്ള നടപടി ആരംഭിച്ചു. ഇന്ന് രാവിലെ ഗ്രൂപ്പുകളായി തിരിഞ്ഞാണ് കോഴികളെ കൊന്ന് തുടങ്ങിയത്. പ്രത്യേക സുരക്ഷ കവചം അണിഞ്ഞാണ് ഉദ്യോഗസ്ഥ സംഘങ്ങള്‍ വളര്‍ത്തു പക്ഷികളെ കൊല്ലുന്നത്. രോഗം കണ്ടത്തിയ പ്രദേശത്തിന്റെ ഒരു കി.മി ചുറ്റളവിലുള്ള വീടുകളിലെ പക്ഷികളെയാണ് കൊല്ലുന്നത്.
കോഴി താറാവ്, പ്രാവുകള്‍, അലങ്കാര പക്ഷികള്‍ എന്നിവകളെ അറുത്താണ് കൊല്ലുന്നത്. ഇത് കാണാന്‍ കഴിയാതെ, വീട്ടുകാര്‍ പറയുന്ന സങ്കടങ്ങള്‍ ശ്രദ്ധിക്കാതെ കൊന്നൊടുക്കുന്ന നടപടി തുടരുകയാണ്. ചൂട് കാലങ്ങളില്‍ സാധാരണ പക്ഷികള്‍ക്ക് വരാറുള്ള കോഴി വസന്ത എന്ന രോഗമാണിതെന്നും, ഇപ്പോള്‍ പക്ഷിപ്പനിയെന്ന പേരായി മാറിയതാണെന്നും പഴമക്കാര്‍ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്.
അനാവശ്യ ഭീതി പരത്തി രോഗമില്ലാത്ത പക്ഷികളെ എന്തിന് കൊല്ലുന്നുവെന്നും, ശാസ്ത്രം പുരോഗമിച്ചിട്ടും പക്ഷികളുടെ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയാത്തത് വിചിത്രമാണന്നും വീട്ടുകാരും പറയുന്നു. തങ്ങള്‍ നിസ്സാഹയരാണന്നും ഇതിന് മറുപടി ഉദ്യോഗസ്ഥര്‍ പറയുന്നു.
തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെ കൊണ്ട് നടന്ന വളര്‍ത്തു പക്ഷികളെ കണ്മുന്നില് കൊല്ലുമ്പോള്‍ നിസ്സഹായതയോടെ കണ്ട് നില്ക്കാനെ വീട്ടുകാര്‍ക്ക് കഴിയുന്നുള്ളൂ. പലരുടേയും കണ്ണീര് കണ്ടിട്ടും ഹൃദയവേദനയോടെ കൊല്ലുമ്പോള്‍ തങ്ങളുടെ അവസ്ഥ, കവചത്തിനുള്ളിലായത് കൊണ്ടാണ് കാണാന്‍ കഴിയാത്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തൊട്ടടുത്ത പ്രദേശങ്ങളിലെ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥ സംഘത്തിന് വഴികാട്ടിയായി ഉണ്ട്. മൂന്ന് മാസം വരെ ഇത്തരത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കും.
Discussion about this post