തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴിഞ്ഞദിവസം കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ താമസിച്ച റിസോര്‍ട്ട് അടച്ചുപൂട്ടി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് വര്‍ക്കലയിലെ റിസോര്‍ട്ട് അടച്ചുപൂട്ടിയത്. റിസോര്‍ട്ടിലെ ജീവനക്കാരുള്‍പ്പെടെ നിലവില്‍ നിരീക്ഷണത്തിലാണ്.
ഇതാദ്യമായാണ് കേരളത്തില്‍ ഒരു വിദേശിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം കൊവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരത്തെ രണ്ട് രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇറ്റലിയില്‍ നിന്നും യു.കെയില്‍ നിന്നും എത്തിയ രോഗികള്‍ സഞ്ചരിച്ച റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 19 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മൂന്ന് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് വൈറസ് ബാധിച്ചവരുടെ എണ്ണം ഉയര്‍ന്നത്. കഴിഞ്ഞ ദിവസം വരെ ആകെ 5468 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതില്‍ 5291 പേര്‍ വീടുകളിലും 271 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്.
അതേസമയം, പത്തനംതിട്ടയില്‍ രോഗം സംശയിക്കുന്ന 8പേരുടെ പരിശോധനാഫലം പുറത്തുവന്നു. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. കൊവിഡ് 19 ഭീതിയില്‍ കഴിയുന്ന കേരളത്തിന് ഇതൊരാശ്വാസ വാര്‍ത്ത കൂടിയാണ്. എന്നാല്‍ രോഗം പൂര്‍ണമായും നിയന്ത്രണവിധേയമായെന്ന് പറയാന്‍ കഴിയില്ലെന്ന് പത്തനംതിട്ട ജില്ല കളക്ടര്‍ പിബി നൂഹ് വ്യക്തമാക്കി.
Discussion about this post