കോഴിക്കോട്: ഇനിമുതല്‍ കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ വിഭവങ്ങള്‍ ലഭിക്കില്ല. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിലാണ് ഫ്രോസണ്‍ ചിക്കനടക്കം വില്‍ക്കേണ്ടെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് തീരുമാനിച്ചത്. കോഴിയിറച്ചിക്ക് പുറമെ കോഴിമുട്ടയും ഇനിമുതല്‍ കോഴിക്കോട്ടെ ഹോട്ടലുകളില്‍ ലഭിക്കില്ല.
കോഴിക്കോട് ജില്ലയ്ക്ക് പുറമെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി കണ്ടെത്തിയ സ്ഥലങ്ങളുടെ ചുറ്റും കോഴി വില്പന നിരോധിച്ചിരുന്നു. കോഴിക്കോട് കോര്പ്പറേഷന് പരിധിയിലും മുക്കം നഗരസഭ , കൊടിയത്തൂര്‍ പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിക്കന്‍ സ്റ്റാളുകളുടെയും ഫാമുകളുടെയും പ്രവര്‍ത്തനം തടഞ്ഞിരുന്നത്.
ഇന്നലെ മലപ്പുറത്ത് നിന്ന് കൊണ്ട് വന്ന ചിക്കന്‍ വ്യാപാരികള്‍ തടയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹോട്ടലുകളില്‍ നിന്നും ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. ഫ്രോസണ്‍ ചിക്കന്‍ വില്പന നിരോധിച്ചിട്ടില്ല. എങ്കിലും ഈ ചിക്കന്‍ ഹോട്ടലുകളില്‍ ഉപയോഗിക്കേണ്ടെന്നാണ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ തീരുമാനം.
അതേസമയം, ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കിയതോടെ കച്ചവടം കുറയുമെന്ന ആശങ്കയും ഹോട്ടലുടമകള്‍ക്കുണ്ട്. പേരുകേട്ട കോഴിക്കോടന്‍ ബിരിയാണിയും ചിക്കന്‍ വിഭവങ്ങളും കഴിക്കാനായി മറ്റ് സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ കോഴിക്കോട്ടെക്ക് ഒഴുകിയെത്താറുണ്ട്. ചിക്കന്‍ വിഭവങ്ങള്‍ നിരോധിച്ചതോടെ ഹോട്ടലുകളില്‍ എത്തുന്നവരുടെ എണ്ണവും കുറയുമെന്ന ആശങ്കയിലാണ് ഉടമകള്‍.
Discussion about this post