പത്തനംതിട്ടയില്‍ നിന്നും വീണ്ടും ആശ്വാസ വാര്‍ത്ത എത്തി; നിരീക്ഷണത്തിലുള്ള 8 പേരുടെ പരിശോധന ഫലവും നെഗറ്റീവ്

പത്തനംതിട്ട: കേരളം കൊവിഡ് 19 ഭീതിയില്‍ കഴിയുന്നതിനിടെ പത്തനംതിട്ടയില്‍ നിന്നും ഒരു ആശ്വാസ വാര്‍ത്ത കൂടി. കൊവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള 8 പേരുടെ പരിശോധന ഫലങ്ങള്‍ കൂടി ലഭിച്ചു. എല്ലാവരുടെയും ഫലം നെഗറ്റീവ് ആണ്.

ജില്ലയില്‍ 2 പേരെ കൂടി ഐസോലാഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 31 ആയി. സംസ്ഥാനത്ത് ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന രോഗബാധിതരുടെ ആകെ എണ്ണം 19 ആയി.

ഒരാള്‍ യുഎഇയില്‍ നിന്നെത്തിയതാണ്. രണ്ടാമത്തെയാള്‍ വെള്ളനാട് സ്വദേശിയാണ്. വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കഴിയുന്ന ഇറ്റാലിയന്‍ പൗരനാണ് രോഗം സ്ഥിരീകരിച്ച മൂന്നാമന്‍. ഇതാദ്യമായാണ് കേരളത്തില്‍ ഒരു വിദേശിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

ആകെ 5468 നിരീക്ഷണത്തിലുണ്ട്. ഇതില്‍ 5291 പേര്‍ വീടുകളിലും 271 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്.സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version