മലപ്പുറം: പക്ഷിപ്പനി സ്ഥിരീകരിച്ച പരപ്പനങ്ങാടി പാലത്തിങ്ങലില്‍ നിന്നും ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കോഴികളെയും താറാവുകളെയും മറ്റ് വളര്‍ത്തു പക്ഷികളെയും ശനിയാഴ്ച മുതല്‍ കൊന്നു തുടങ്ങുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൂടാതെ രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി പരപ്പനങ്ങാടി – തിരൂരങ്ങാടി നഗരസഭ പരിധികളിലെ കോഴി ഇറച്ചി വില്‍ക്കുന്ന കടകളുടെ ലൈസന്‍സ് താത്ക്കാലികമായി റദ്ദാക്കി. പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള തുടര്‍ നടപടികള്‍ ജില്ലയില്‍ മൂന്നു മാസം നീണ്ടു നില്‍ക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ഒരു കിലോമീറ്റര്‍ പരിധിയിലെ നാലു ദിശകളില്‍ നിന്നുമായി പക്ഷിപ്പനി സ്ഥിരീകരിച്ച പാലത്തിങ്ങലിലേക്ക് എന്ന രീതിയിലാകും പ്രതിരോധ നടപടി. റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങളായ 20 വെറ്ററിനറി സര്ജന്മാര്, 119 ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, 30 അറ്റന്‍ഡര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാകും പ്രവര്‍ത്തനം. മാര്‍ച്ച് 16 നുള്ളില്‍ കോഴികളെയും താറാവുകളെയും മറ്റ് വളര്‍ത്തു പക്ഷികളെയും കൊല്ലുമെന്നും കളക്ടര്‍ അറിയിച്ചു.നഷ്ടപ്പെടുന്ന കോഴികള്‍ക്കും താറാവുകള്‍ക്കും വളര്‍ത്തു പക്ഷികള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരം നല്‍കും.
അതത് പ്രദേശങ്ങളില്‍ തന്നെ ഇവയെ സംസ്കരിക്കുന്നതാണ് രോഗവ്യാപനം തടയാന്‍ നല്ലത് എന്നതിനാല്‍ അതിനാണ് മുന്‍ഗണന നല്‍കുന്നത്.
പക്ഷികളെ കൊന്നൊടുക്കിയതിന് ശേഷമുള്ള മൂന്ന് ദിവസം ശുചീകരണം നടത്തും. കോഴികളുടേത് ഉള്‍പ്പെടെയുള്ള കൂടുകള്‍, തീറ്റ പാത്രങ്ങള്‍, മുട്ടകള്‍ എല്ലാം പൂര്‍ണമായും നശിപ്പിക്കും. നിശ്ചയിച്ച ഒരു കിലോമീറ്റര്‍ പരിധിയില്‍ അഞ്ചാം ദിവസം വീണ്ടും പരിശോധന നടത്തും. ഈ ഘട്ടത്തില്‍ കോഴികളെയും വളര്‍ത്തു പക്ഷികളെയും കണ്ടെത്തിയാല്‍ പിടികൂടി നശിപ്പിക്കും, ഇത്തരത്തില്‍ പിടികൂടുന്നവയ്ക്ക് നഷ്ടപരിഹാരം നല്‍കില്ല.
പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഒരുക്കങ്ങള്‍ക്കായി മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരപ്പനങ്ങാടിയിലും തിരൂരങ്ങാടിയിലുമെത്തി. പരപ്പനങ്ങാടി നഗരസഭയിലെത്തിയ ഉദ്യോഗസ്ഥര്‍ ചെയര്‍പേഴ്സണും സെക്രട്ടറിയും കൗണ്‍സിലര്‍മാരുമായി കൂടിയാലോചന നടത്തി.
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലെ നഗരസഭ ഡിവിഷനുകള്‍ ഏതൊക്കെയാണെന്നത് സംബന്ധിച്ച് വ്യക്തത വരുത്തി. തുടര്‍ന്ന് കോഴികളെയും വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കുന്ന റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങളെ സഹായിക്കുന്ന നഗരസഭ ജീവനക്കാര്‍ക്ക് പരിശീലനവും നല്കി. തിരൂരങ്ങാടിയിലെ വെറ്ററിനറി ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം സന്ദര്‍ശിച്ച ഉദ്യോഗസ്ഥ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം തിരൂരങ്ങാടി നഗരസഭാ ജീവനക്കാര്‍ക്കും സ്വയം സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടെ പരിശീലനം നല്കി.
തിരുവനന്തപുരം പാലോടുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസിലെ ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ. എസ്. നന്ദകുമാര്‍, വെറ്ററിനറി സര്ജന് ഡോ. ജി.എസ് അജിത്ത് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.
Discussion about this post