തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുവാന്‍ അപേക്ഷിച്ചവര്‍ നേരിട്ട് ഹാജരാകേണ്ടതില്ല. കൊവിഡ്-19 വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. ഇത് സംബന്ധിച്ച് തെരഞ്ഞടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുവാന്‍ അപേക്ഷിച്ച അര്‍ഹതയുള്ളവരെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണര്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച ശേഷം ഫോട്ടോ അപ്ലോഡ് ചെയ്യുകയോ ഫോട്ടോ ലഭ്യമാക്കുകയോ ചെയ്തിട്ടുള്ളവരുടെ കാര്യത്തില്‍ തടസ്സവാദമൊന്നും ഇല്ലെങ്കില്‍ പേര് ഉള്‍പ്പെടുത്തും. എന്തെങ്കിലും കാരണത്താല്‍ ഇപ്പോള്‍ പേര് ചേര്‍ക്കുവാന്‍ കഴിയാത്തവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും അവസരം നല്‍കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് 19 കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം.
Discussion about this post