കോട്ടയം: വൈറസ് ബാധയുണ്ടാകുമോ എന്ന ഭീതിയില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്ന നേഴ്സുമാരോട് വാടകവീട് ഒഴിയണമെന്ന് വീട്ടുടമസ്ഥന്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്ന മൂന്ന് മെയില്‍ നേഴ്‌സുമാരോടാണ് വീട്ടുടമസ്ഥന്‍ വീടൊഴിയാന്‍ ആവശ്യപ്പെട്ടത്.
മെഡിക്കല്‍ കോളേജിന് സമീപത്തെ ഒരു വാടകവീട്ടില്‍ താമസിക്കുകയായിരുന്ന നേഴ്‌സുമാര്‍ക്കാണ് ഈ ദുരവസ്ഥ. നേഴ്‌സുമാര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്നതിനാല്‍ വൈറസ് ബാധയുണ്ടാകുമോ എന്ന ഭയം വീട്ടുടമസ്ഥനുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് വീടൊഴിയണമെന്ന് ഇവരോട് ആവശ്യപ്പെട്ടത്.
എന്നാല്‍ താന്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനാല്‍ അണുബാധയ്ക്കുള്ള സാധ്യത ഉള്ളതിനാലാണ് നേഴ്സുമാരോട് വീട് മാറാന്‍ നിര്‍ദേശിച്ചതെന്ന് വീട്ടുടമസ്ഥന്‍ പറയുന്നു. വീട്ടുടമസ്ഥന്റെ നിര്‍ദേശപ്രകാരം വീടൊഴിഞ്ഞ നേഴ്‌സുമാര്‍ നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡിന് മുകളിലത്തെ നിലയിലുള്ള ഒരു ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്.
പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. അതേസമയം, ഇവര്‍ക്ക് മറ്റൊരു താമസ സൗകര്യം ഒരുക്കി നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. നേഴ്‌സുമാര്‍ക്കുണ്ടായ ഈ ദുരവസ്ഥ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്.