തൃശ്ശൂര്‍: മെഡിക്കല്‍ കോളേജില്‍ മാസ്ക്കിനു ക്ഷാമം നേരിടുന്നു എന്നറിഞ്ഞപ്പോള്‍ ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ കമ്മറ്റി ഒറ്റ ദിവസം കൊണ്ട് ആയിരം മാസ്ക്ക് നല്‍കാം എന്ന ഉറപ്പ് കൊടുത്തു. അവസാനം നല്‍കിയത് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ മാസ്ക്കും. 3750 മാസ്ക്കുകള്‍. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ തൃശ്ശൂരിലെ ഒരു പറ്റം ചെറുപ്പക്കാര്‍ നടത്തിയ പ്രവര്‍ത്തനം ആര്‍ക്കും മാതൃകാപരമായ ഒന്നാണ്.’കൈയ്യടിക്കടാ’ എന്ന സിനിമാ ഡയലോഗ് ഓര്‍മ്മ വന്ന സമയമാണിത്.
സംഭവത്തെ പറ്റി ചോദിച്ചപ്പോള്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിബി അനൂപ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്, മെഡിക്കല്‍ കോളേജില്‍ രോഗികളെ പരിചരിക്കുന്ന ജീവനക്കാര്‍ക്ക് ഉള്ള മാസ്ക്കിനു ക്ഷാമം ഉണ്ടെന്ന് അറിഞ്ഞു. പുറത്താണെങ്കില്‍ അന്യായമായ വിലയും. നിലവില്‍ ഉപയോഗിക്കുന്ന മാസ്ക്കുകള്‍ ആറ് മണിക്കൂര്‍ കഴിഞ്ഞാല്‍ മാറ്റണം. അത് കേട്ടപ്പോള്‍ ആണ് തോന്നിയത് എന്ത് കൊണ്ട് തുണി കൊണ്ടുള്ള മാസ്ക്കുകള്‍ നിര്‍മ്മിച്ചു കൂടായെന്ന്. തുണി കൊണ്ടുള്ളതാണെങ്കില്‍ സോപ്പ് ഉപയോഗിച്ചു കഴുകി വീണ്ടും ഉപയോഗിക്കാനും സാധിക്കും.
അങ്ങനെ സഹപ്രവര്‍ത്തകരുമായി ആലോചിച്ചു കൊണ്ട് അപ്പോള്‍ തന്നെ വനിതാ നേതാക്കളുടെ സബ്കമ്മറ്റി വാട്സ് ആപ്പ് ഗ്രൂപ്പില്‍ മെസേജിട്ടു. എങ്ങനെയെങ്കിലും തുന്നല്‍ അറിയാവുന്നരെ സംഘടിപ്പിച്ചു കൊണ്ട് ആയിരം മാസ്ക്ക് തയ്യാറാക്കി കൊടുക്കണം. സഹായം അഭ്യര്‍ത്ഥിച്ചവരെല്ലാം സംഭവം അറിഞ്ഞതോടെ രാത്രി പകലാക്കി ഒരുമിച്ചു കൂടെ നിന്നു. അങ്ങനെ ആയിരത്തിന് പകരം ഒറ്റ ദിവസം കൊണ്ട് 3750 മാസ്ക്ക് നിര്‍മ്മിച്ച് നല്‍കാനായി.
ഇതിനോടൊപ്പം തന്നെ ഡിവൈഎഫ്ഐ അന്യായമായി മാസ്ക്കിനു വില ഈടാക്കിയവര്‍ക്കെതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിനും പരാതി കൊടുക്കുകയും ചെയ്തുട്ടുണ്ട് . പേരാമംഗലം സ്റ്റേഷന് അതിര്‍ത്തിയിലെ കൈപ്പറമ്പിലുള്ള ‘നെയില്‍ ‘ ആശുപത്രിയില്‍ സിംഗിള്‍ ലെയര്‍ മാസ്ക്കിനു അഞ്ചു രൂപക്ക് പകരം ഇരുപത്തഞ്ചു രൂപ വാങ്ങിയത്തിനെതിരായ പരാതിയില്‍ കഴിഞ്ഞ ദിവസം പേരാമംഗലം സ്റ്റേഷനില്‍ വന്നു ആശിപത്രി അധികൃതര്‍ ഇനി വില കൂട്ടി വില്‍ക്കില്ലെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞിരുന്നു. അന്യായമായി വില ഈടാക്കുന്ന ഒരുപാട് മെഡിക്കല്‍ ഷോപ്പുകളും ഡിസ്ട്രിബ്യൂട്ടേഴ്സും ഇനിയും ഉണ്ടെന്നും അവരെയെല്ലാം തന്നെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്ന ശക്തമായ നിലപാടിലാണ് ഡിവൈഎഫ്ഐ.
Discussion about this post