പത്തനംതിട്ട: പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ഓടിപ്പോയ ആള്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് ജില്ലാകളക്ടര്‍ പിബി നൂഹ്. ഇയാളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് ലഭിച്ച കൊറോണ സംശയിച്ച 10 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്.
കൊറോണ സംശയിക്കുന്ന 33 പേരുടെ സാമ്പിള്‍ റിസള്‍ട്ടാണ് ലഭിക്കാനുണ്ടായിരുന്നത്. ഇതില്‍ 10 എണ്ണത്തിന്റെ ഫലമാണ് ഇന്ന് ലഭിച്ചത്. ഇവരില്‍ ആറുവയസുള്ള കുട്ടിയും രണ്ടുവയസുള്ള രണ്ട് കുട്ടികളും ഇവരുടെ രക്ഷിതാക്കളുമുണ്ട്. എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണ്. പുറത്തുവന്ന പുതിയ വാര്‍ത്ത സംസ്ഥാനത്ത് ആശ്വാസം പകരുന്നു.
ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഓടിപ്പോയ ആളിന്റെ റിസള്‍ട്ടും നെഗറ്റീവായതിനാല്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഏഴുപേരും ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം, 12 പരിശോധനാഫലങ്ങള്‍കൂടി ഇന്ന് ലഭിക്കാനുണ്ട്.
ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശി സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും. നൂറോളം പേരാണ് തൃശ്ശൂരില്‍ നിരീക്ഷണത്തിലുള്ളത്.