ആശ്വാസ വാര്‍ത്ത; പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ട: സംസ്ഥാനം കൊവിഡ് 19 വൈറസ് ഭീതിയില്‍ കഴിയുമ്പോള്‍ പത്തനംതിട്ടയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്ത വലിയ ആശ്വാസം പകരുന്നു. പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ജില്ലാ കലക്ടര്‍ പിബി നൂഹ് വ്യക്തമാക്കി.

രണ്ട് വയസുള്ള രണ്ട് കുട്ടികളടക്കമുള്ളവരുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. ഇപ്പോള്‍ പുറത്തുവന്ന ഫലം ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതും വൈറസിനെ അതിജീവിക്കുമെന്ന ആത്മവിശ്വാസം നല്‍കുന്നതുമാണെന്ന് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ലഭിക്കാനുള്ള 23 ഫലങ്ങളില്‍ 7 എണ്ണം ആവര്‍ത്തിച്ചുള്ള പരിശോധനക്ക് അയച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. നിലവില്‍ രോഗലക്ഷണങ്ങളോടെ പുതുതായി ആറു പേരെക്കൂടി പത്തനംതിട്ടയില്‍ ആശുപത്രിയില്‍ ഐസൊലോഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 പേരും ജില്ലാ ആശുപത്രിയില്‍ 10 പേരും തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ ഓരാളുമുള്‍പ്പെടെ 28 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. തൃശ്ശൂരിലും കണ്ണൂരിലുമാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version