കളിക്കുന്നതിനിടെ സ്റ്റീല്‍ നട്ട് കിട്ടി; കൗതുകം തോന്നി വിരലിലിട്ടപ്പോള്‍ കുടുങ്ങി; മൂന്നുവയസ്സുകാരന് രക്ഷകരായെത്തിയത് അഗ്നിരക്ഷാസേന

ആലപ്പുഴ: കൈവിരലില്‍ സ്റ്റീല്‍ നട്ട് കുടുങ്ങിയ ഒന്‍പത് വയസ്സുകാരന് രക്ഷകരായെത്തിയത് അഗ്നിരക്ഷാസേന. നെടുമുടി പൊങ്ങയ്ക്കടുത്ത് കോളശ്ശേരി ഷിനുക്കുട്ടന്റെ മകന്‍ അനന്തകൃഷ്ണന്റെ കൈവിരലില്‍ കുടുങ്ങിയ സ്റ്റീല്‍ നട്ടാണ് അഗ്നിരക്ഷാസേന അതിവിദഗ്ധമായി ഊരിമാറ്റിയത്.

സ്‌കൂള്‍ അവധി ആയതിനാല്‍ കൂട്ടുകാരുമൊത്ത് കളിക്കുകയായിരുന്നു മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനന്തകൃഷ്ണന്‍. അതിനിടെയാണ് സ്റ്റീല്‍ നട്ട് കണ്ടത്. കൗതുകം തോന്നി കൈയ്യിലെടുത്ത സ്റ്റീല്‍ നട്ട് കുട്ടി വിരലില്‍ ഇട്ടുനോക്കി. പിന്നീട് അഴിക്കാന്‍ ശ്രമിച്ചപ്പോള്‍ വിരലില്‍ കുടുങ്ങുകയായിരുന്നു. പരിഭ്രാന്തനായ കുട്ടി ഉടന്‍ വിവരം വീട്ടുകാരെ അറിയിച്ചു.

കുട്ടിയുടെ പിതാവായ ഷിനുക്കുട്ടന്‍ വിരലില്‍ സോപ്പിട്ട് ഊരിമാറ്റാന്‍ ശ്രമിച്ചിട്ടും സ്റ്റീല്‍ നട്ട് ഊരാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തൊട്ടടുത്തുള്ള വര്‍ക്ക് ഷോപ്പില്‍ എത്തി പരിശ്രമിച്ചിട്ടും സ്റ്റീല്‍ നട്ട് മുറിച്ച് മാറ്റാനോ ഊരാനോ കഴിഞ്ഞില്ല. കുട്ടിയുടെ കൈവിരലില്‍ സ്റ്റീല്‍ നട്ട് ഉരസി മുറിവ് പറ്റുകയും ചെയ്തു.

തുടര്‍ന്ന് ഓട്ടോത്തൊഴിലാളിയായ ഷിനുക്കുട്ടന്‍ കുട്ടിയെ ആലപ്പുഴ അഗ്‌നിരക്ഷാനിലയത്തില്‍ എത്തിക്കുകയായിരുന്നു. അഗ്‌നിരക്ഷാ വാഹനത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ഡോ. പ്രിയദര്‍ശന്‍ കുട്ടിക്ക് വേദന കുറയ്ക്കാന്‍ ലോക്കല്‍ സെഡേഷന്‍ നല്‍കി കൈവിരല്‍ മരവിപ്പിക്കുകയും ചെയ്തു. ശേഷം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്റ്റീല്‍ നട്ട് ഊരിമാറ്റുകയായിരുന്നു.

Exit mobile version