കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും ഡിഎംഒയും അടങ്ങിയ പ്രത്യേക മെഡിക്കല്‍ ബോര്‍ഡും ഇതിനായി രൂപീകരിച്ചിട്ടുണ്ട്. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍.
നിലവില്‍ ഇയാളുടെ അമ്മയും ഭാര്യയും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. മാര്‍ച്ച് മൂന്നിന് ദുബായിയില്‍ ടാക്സി ഡ്രൈവറായിരുന്ന ഇയാള്‍ പനിയും തൊണ്ടവേദനയും കാരണം അവിടെയുള്ള ഒരു ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് രാത്രി 9ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.
വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ കുടുംബത്തോടൊപ്പം കണ്ണൂരിലേക്ക് വരുന്നവഴിയില്‍ ഇയാള്‍ കൊണ്ടോട്ടിയില്‍ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. നാട്ടിലെത്തിയ ശേഷം അടുത്തുള്ള ഒരു ക്ലിനിക്കിലെ പരിശോധനക്ക് ശേഷമാണ് ഇയാല്‍ ഏഴാം തീയതി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായത്. നാല് ദിവസം ഇയാളെ ആശുപത്രില്‍ നിരീക്ഷണത്തില്‍ വെച്ചെങ്കിലും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് ഇന്നലെ വൈകീട്ട് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.